നിരാഹാര സമരം അവസാനിപ്പിച്ചതിൽ വിശദീകരണവുമായി സോനം വാങ്ചുക്


ശാരിക 

കൊൽക്കത്ത: നീറ്റ് ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യപ്പെട്ട് സി.ജെ.പി നടത്തുന്ന സമരത്തിന്റെ ഭാഗമായി നടത്തിയ നിരാഹാര സമരം 26-ാം ദിവസം അവസാനിപ്പിച്ചതിൽ വിശദീകരണവുമായി സോനം വാങ്ചുക്. താൻ സർക്കാറുമായി ഒരു ഒത്തുതീർപ്പിലെത്തി എന്ന ആരോപണങ്ങൾ വാങ്ചുക് തള്ളിക്കളഞ്ഞു. കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിൽ വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. "ഞാൻ ഒരു ഒത്തുതീർപ്പിന് തയ്യാറെടുത്തിരുന്നെങ്കിൽ, 26 ദിവസം പട്ടിണി കിടക്കുമായിരുന്നോ? ഡൽഹിയിലെ ചൂടിൽ നിരാഹാരം കിടക്കുന്നതിന് പകരം എയർകണ്ടീഷൻ ചെയ്ത മുറിയിലിരുന്ന് എനിക്ക് ഒരു ഒത്തുതീർപ്പിൽ എത്തിച്ചേരാമായിരുന്നില്ലേ?" അദ്ദേഹം ചോദിച്ചു.

മരപ്പന്തലിൽ നിന്ന് മാറ്റിയതിന് ശേഷം താൻ നേരിട്ട സാഹചര്യങ്ങളെക്കുറിച്ച് തന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്നവർക്ക് അറിവില്ലെന്ന് വാങ്ചുക് ചൂണ്ടിക്കാട്ടി. 2025 സെപ്റ്റംബറിൽ ലഡാക്കിൽ യുവജനങ്ങൾക്ക് നേരെ വെടിവെയ്പ് ഉണ്ടായതുപോലെ പ്രക്ഷോഭകർക്കെതിരെ പോലീസ് നടപടിയുണ്ടാകുമെന്ന് താൻ ഭയന്നിരുന്നു. അത്തരമൊരു അക്രമം തടയാൻ ആഗ്രഹിച്ചതിനാലാണ് കേന്ദ്രം എഴുതിനൽകിയ ഉറപ്പുകൾ ലഭിച്ചതിന് ശേഷം നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക് പറഞ്ഞു. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് അക്രമങ്ങളോ നിയമനടപടികളോ നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കുകയാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ചർച്ചകൾക്കിടയിൽ ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടില്ല. പ്രക്ഷോഭകർക്കെതിരെ നിയമനടപടികൾ ഉണ്ടാകാതിരിക്കുക എന്നതായിരുന്നു തന്റെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. പ്രധാൻ ഒടുവിൽ രാജിവെക്കുമെന്ന് വാങ്ചുക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഒരു വലിയ അടിച്ചമർത്തൽ ഉണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു. ഞാൻ വാർത്തകൾ കാണുകയും 2025 സെപ്റ്റംബർ 24-നെ ഓർക്കുകയും ചെയ്തു. ആ ദിവസം പോലീസും സി.ആർ.പി.എഫും ലഡാക്കിലെ യുവജനങ്ങൾക്ക് നേരെ ദയാരഹിതമായി വെടിയുതിർത്തു. ഇവിടെയും സമാനമായ എന്തെങ്കിലും സംഭവിക്കുമെന്ന് ഞാൻ ഭയപ്പെട്ടു. ഞാൻ എന്റെ നിരാഹാരം അവസാനിപ്പിച്ച് സമാധാന ധാരണയിൽ എത്തിയാൽ, ഒരുപക്ഷേ സാഹചര്യം ലഘൂകരിക്കപ്പെടാം എന്ന് എനിക്ക് തോന്നി," അദ്ദേഹം പറഞ്ഞു.

ജൂലൈ 18-ന് സഫ്ദർജങ് ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷം തന്നോട് ഒരു തടവുകാരനെപ്പോലെയാണ് പെരുമാറിയെന്ന് വാങ്ചുക് ആരോപിച്ചു. തനിക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവാദമുണ്ടായിരുന്നില്ലെന്നും സന്ദർശകരെ കാണുന്നതിൽ നിന്ന് തടഞ്ഞുവെന്നും മൊബൈൽ ഫോണോ ലാപ്‌ടോപ്പോ കൈവശം വെക്കാൻ അനുവദിച്ചില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡെൽഹി ഹൈക്കോടതി മേദാന്ത ആശുപത്രിയിലേക്ക് മാറാൻ അനുവാദം നൽകിയിട്ടും, സഫ്ദർജങ് ആശുപത്രിയിൽ നിന്ന് മണിക്കൂറുകളോളം പുറത്തുപോകാൻ തടസ്സങ്ങൾ നേരിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മേദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും തന്നെ സന്ദർശിച്ചതായും, ആരോപിക്കപ്പെട്ട നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് അനുകൂലമായി പരിഗണിക്കാമെന്നും പരീക്ഷാ സംവിധാനത്തിലെ പരിഷ്കാരത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യാമെന്നും സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു. സമരക്കാർക്കെതിരെ നിയമനടപടികൾ ഉണ്ടാകില്ലെന്ന് എഴുതിനൽകാതെ താൻ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് താൻ കർശനമായി പറഞ്ഞു. അവർ ആദ്യം നഷ്ടപരിഹാരത്തിനും പാർലമെന്റിലെ ചർച്ചയ്ക്കും സമ്മതിച്ചെങ്കിലും, പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കില്ല എന്ന കാര്യത്തിൽ ഉറപ്പ് നൽകാൻ തയ്യാറായിരുന്നില്ല. അവർ വാക്കാൽ മാത്രമുള്ള ഉറപ്പാണ് നൽകിയത്. ഞാൻ എഴുതിനൽകണമെന്ന് നിബന്ധന വെക്കുകയും അവസാനം അവർ സമ്മതിക്കുകയും ചെയ്തതായി വാങ്ചുക് പറഞ്ഞു.

ജൂൺ 20-നാണ് സി.ജെ.പി സമരം ആരംഭിച്ചത്. 28-ന് വാങ്ചുക് നിരാഹാരം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. നിരാഹാരം 20 ദിവസം പിന്നിട്ടപ്പോൾ ഡൽഹി പൊലീസ് നാടകീയമായി വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed