ആണി ഘടിപ്പിച്ച ലാത്തിയും പെല്ലറ്റും; പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് നേരെ ആക്രമണം തുടരുന്നുവെന്ന് എഫ്.പി.സി
ഷീബ വിജയൻ
ന്യൂഡൽഹി: ജന്തർമന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിലും ഭീഷണികളിലും ഫെഡറേഷൻ ഓഫ് പ്രസ് ക്ലബ്സ് (എഫ്.പി.സി) ശക്തമായി പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണിതെന്ന് എഫ്.പി.സി വിലയിരുത്തി.
സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെങ്കിലും, വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടരുതെന്ന് ഫെഡറേഷൻ പ്രസിഡന്റ് ഗൗതം ലാഹിരി, സെക്രട്ടറി ജനറൽ സൗരഭ് ദുഗ്ഗൽ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. മാധ്യമസ്ഥാപനങ്ങളുടെ എഡിറ്റോറിയൽ നയങ്ങൾ തീരുമാനിക്കുന്നത് ഗ്രൗണ്ടിൽ ജോലി ചെയ്യുന്ന റിപ്പോർട്ടർമാരല്ലെന്നും, എഡിറ്റോറിയൽ നിലപാടുകളുടെ പേരിൽ റിപ്പോർട്ടർമാർ ജനരോഷത്തിന് ഇരയാകാതിരിക്കാൻ മാധ്യമ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഡൽഹി പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും നടത്തുന്ന അമിത ബലപ്രയോഗത്തെയും എഫ്.പി.സി കടുത്ത ഭാഷയിൽ വിമർശിച്ചു. സമരക്കാർക്കും മാധ്യമപ്രവർത്തകർക്കും നേരെ ഷോക്ക് ബാറ്റണുകൾ, പെല്ലറ്റ് ഗണ്ണുകൾ, ആണികൾ ഘടിപ്പിച്ച ലാത്തികൾ എന്നിവ ഉപയോഗിച്ചതായി സംഘടന ആരോപിച്ചു. പെല്ലറ്റ് പ്രയോഗത്തിൽ 'ഔട്ട്‌ലുക്ക്' മാധ്യമസ്ഥാപനത്തിലെ റിപ്പോർട്ടർക്ക് പരിക്കേറ്റതായും അവർ ചൂണ്ടിക്കാട്ടി.
സുപ്രീം കോടതിയുടെ ഡി.കെ. ബസു കേസ് വിധിയുടെ ലംഘനമാണ് പ്രക്ഷോഭ സ്ഥലത്തെ പോലീസിന്റെ പെരുമാറ്റമെന്ന് സംഘടന കുറ്റപ്പെടുത്തി. പല ഉദ്യോഗസ്ഥരും തിരിച്ചറിയൽ ബാഡ്ജുകൾ ധരിച്ചിരുന്നില്ല. ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിനിടയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ അക്രമങ്ങളിൽ ഉന്നത നീതിപീഠം സ്വമേധയാ കേസെടുക്കണമെന്നും, നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എഫ്.പി.സി ആവശ്യപ്പെട്ടു.
്േ്ിേ

