ആത്മഹത്യയല്ല, ക്രൂരമായ കൊലപാതകം! മകനെ ആസിഡ് കുടിപ്പിച്ച് കഴുത്തുഞെരിച്ചുകൊന്ന മാതാപിതാക്കൾ ഗുജറാത്തിൽ അറസ്റ്റിൽ
ഷീബ വിജയൻ
ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിൽ യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് കരുതിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. 26 കാരനായ രാം ഭർവാദ് എന്ന യുവാവിന്റെ മരണത്തിൽ മാതാപിതാക്കളായ ബാബുഭായ് ബാംബ്‌വ, മനീഷാബെൻ ബാംബ്‌വ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂൺ 30-നാണ് രാം ഭർവാദിനെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യഘട്ടത്തിൽ ഇതൊരു ആത്മഹത്യയാണെന്നാണ് പൊലീസ് കരുതിയതെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. മരണകാരണം കഴുത്തുഞെരിച്ചതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. ഇതേത്തുടർന്ന് രാമിന്റെ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും മാതാപിതാക്കളെ ചോദ്യം ചെയ്യുകയുമായിരുന്നു.
മകന്റെ അമിതമായ മദ്യപാന ശീലത്തെച്ചൊല്ലി മാതാപിതാക്കളും രാമും തമ്മിൽ വീട്ടിൽ നിരന്തരം തർക്കങ്ങൾ പതിവായിരുന്നു. സംഭവദിവസവും മദ്യപാനത്തെച്ചൊല്ലി വലിയ വഴക്കുണ്ടാവുകയും, ഈ തർക്കത്തിനിടെ മാതാപിതാക്കൾ ചേർന്ന് മകനെക്കൊണ്ട് നിർബന്ധിപ്പിച്ച് ആസിഡ് കുടിപ്പിക്കുകയായിരുന്നു. ഇതിനുശേഷമാണ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് എന്ന് മാതാപിതാക്കൾ പൊലീസിനോട് സമ്മതിച്ചു. കുറ്റസമ്മതത്തെ തുടർന്ന് മാതാപിതാക്കൾക്കെതിരെ കൊലപാതകം, ആസിഡ് ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
assasasa

