മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് സർക്കാർ
ഷീബ വിജയൻ
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിന്റെ നിലപാടുകളെ ശക്തമായി വിമർശിച്ച് തമിഴ്‌നാട്ടിലെ പുതിയ ടിവികെ (തമിഴക വെട്രി കഴകം) സർക്കാർ. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ കേരളത്തെ ഒരു കാരണവശാലും അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ ശ്രമങ്ങളെയും തടയുമെന്നും തമിഴ്‌നാട് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. ഇതോടൊപ്പം അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്നും തമിഴ്‌നാട് അറിയിച്ചു. തമിഴ്‌നാട് നിയമസഭയിൽ പുതിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഈ നിർണായക പ്രസ്താവനയുള്ളത്.
കീഴ്‌വഴക്കങ്ങൾ കൃത്യമായി പിന്തുടർന്നാണ് വിജയ് സർക്കാർ നിയമസഭാ നടപടികൾ ആരംഭിച്ചത്. സഭയിൽ ആദ്യം തമിഴ് തായ് വാഴ്ത്താണ് ആലപിച്ചത്. ഇതിനുപിന്നാലെ ദേശീയഗാനവും ആലപിച്ചെങ്കിലും വന്ദേമാതരം ആലപിച്ചില്ല. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണെന്ന് ഗവർണർ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ രാഷ്ട്രീയ സംഭാവനകളെ പ്രസംഗത്തിൽ പരാമർശിച്ച ഗവർണർ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി.
സംസ്ഥാനത്തെ മുൻ ഡിഎംകെ സർക്കാരിനെതിരെയും ഗവർണറുടെ പ്രസംഗത്തിൽ കടുത്ത വിമർശനമുണ്ടായി. മുൻ സർക്കാർ സംസ്ഥാനത്തെ ലഹരിയൊഴുക്ക് തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് നയപ്രഖ്യാപനത്തിൽ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർക്കും. ത്രിഭാഷാ നയവുമായി കേന്ദ്ര ഫണ്ട് വിഹിതത്തെ ബന്ധിപ്പിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന കടുത്ത രാഷ്ട്രീയ നിലപാടും വിജയ് സർക്കാർ ഗവർണറുടെ പ്രസംഗത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
saddasadsads

