ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിനിടെ കറണ്ട് പോയി; കെഎസ്ഇബി ഓഫീസിലിരുന്ന് കളി കണ്ട് യുവാക്കൾ
ഷീബ വിജയൻ
കൊച്ചി: ലോകകപ്പ് ഫുട്‌ബോൾ മത്സരം ആവേശകരമായി മുന്നേറുന്നതിനിടെ നാട്ടിൽ വൈദ്യുതി നിലച്ചതിനെ തുടർന്ന് കെഎസ്ഇബി ഓഫീസിൽ നേരിട്ടെത്തി കളി കണ്ട് യുവാക്കളുടെ വേറിട്ട പ്രതിഷേധം. ബുധനാഴ്ച രാത്രി എറണാകുളം കാഞ്ഞൂർ പുതിയേടം കെഎസ്ഇബി ഓഫീസിലാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്.
ആരാധകർ ഏറെ കാത്തിരുന്ന പോർച്ചുഗൽ - കോംഗോ ലോകകപ്പ് മത്സരം തത്സമയം നടക്കുമ്പോഴായിരുന്നു പ്രദേശത്ത് പെട്ടെന്ന് വൈദ്യുതി മുടങ്ങിയത്. ഇതോടെ പ്രകോപിതരായ ഒരുപറ്റം യുവാക്കൾ തങ്ങളുടെ മൊബൈൽ ഫോണുകളുമായി നേരെ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് ചെയ്യുകയും ഓഫീസിനുള്ളിൽ ഇരുന്ന് മൊബൈലിൽ കളി കണ്ട് പ്രതിഷേധിക്കുകയുമായിരുന്നു. വരും ദിവസങ്ങളിലും കളി നടക്കുന്ന സമയത്ത് വൈദ്യുതി മുടങ്ങിയാൽ സമാനമായ രീതിയിലുള്ള ശക്തമായ പ്രതിഷേധം തുടരുമെന്ന് യുവാക്കൾ മുന്നറിയിപ്പ് നൽകി.
അതേസമയം സംസ്ഥാനത്ത് നിലവിൽ അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി ദൗർലഭ്യം കാരണം വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ വിവിധ പ്രദേശങ്ങളിൽ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു. ഉൽപ്പാദനത്തിലും ലഭ്യതയിലും വലിയ കുറവ് വന്നതിനാലാണ് ഈ മാസം 30 വരെ സംസ്ഥാനത്തുടനീളം ഇത്തരത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
assadasdsds

