സൂറത്തിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം: ഏഴു പേർ മരിച്ചു, 40 പേർക്ക് പരിക്ക്
ഷീബ വിജയൻ
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ബർദോളിക്ക് സമീപം രണ്ട് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എം.എസ്.ആർ.ടി.സി) ബസുകൾ കൂട്ടിയിടിച്ചുണ്ടായ ദരുണ അപകടത്തിൽ ഏഴു പേർ മരിച്ചു. അപകടത്തിൽ 40 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കൂട്ടിയിടിയെ തുടർന്ന് ഒരു ബസിന് തീപിടിക്കുകയും ഇതിലുണ്ടായിരുന്ന യാത്രക്കാരാണ് മരണപ്പെടുകയും ചെയ്തത്.
മഹാരാഷ്ട്രയെയും ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 53ൽ ഉവ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. സൂറത്തിൽനിന്ന് ധൂലെയിലേക്ക് പോകുകയായിരുന്ന ബസ് ഒരു ട്രാക്ടറിൽ ഇടിച്ച് നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് ഡിവൈഡർ മറികടന്ന് എതിർദിശയിൽ ചാലിസ്ഗാവിലേക്ക് വരികയായിരുന്ന മറ്റൊരു ബസിലിടിച്ച് റോഡിന് സമീപമുള്ള താഴ്ന്ന പ്രദേശത്തേക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നുവെന്ന് സൂറത്ത് ജില്ല പൊലീസ് സൂപ്രണ്ട് രാജേഷ് ഗാഡിയ വ്യക്തമാക്കി.
വിവരമറിഞ്ഞ് സൂറത്ത്, താപി ജില്ലകളിൽ നിന്നുള്ള പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്ത് ബർദോളി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക്, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ സൗജന്യമായി ഉറപ്പാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ADSDAS

