ഡി.കെ. ശിവകുമാർ ജൂൺ 3ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
ഷീബ വിജയൻ
ബംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഭരണമാറ്റത്തിന് വഴിതെളിയിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ പദവിയിൽ നിന്ന് രാജിവെച്ചു. പാർട്ടി ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം നടന്ന ഈ രാജി കർണാടകയിലെ കോൺഗ്രസ് ഭരണകൂടത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. നിലവിലെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയായി ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 2023ൽ കോൺഗ്രസ് അധികാരത്തിൽ വന്നതുമുതൽ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ ഉണ്ടായ അധികാര പങ്കിടൽ ധാരണയുടെ ഭാഗമായാണ് രണ്ടര വർഷത്തിന് ശേഷമുള്ള ഈ അധികാര കൈമാറ്റം. മുഖ്യമന്ത്രി സിദ്ധരാമയ്യ രാജ്ഭവനിൽ കത്ത് സമർപ്പിക്കുകയും ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് അത് ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. രാജി സമർപ്പിച്ചതിന് പിന്നാലെ സിദ്ധരാമയ്യ ഡൽഹിയിലെത്തി മുതിർന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുമായി നിർണ്ണായക കൂടിക്കാഴ്ചകൾ നടത്തി. ഭാവിയിൽ താൻ കർണാടക രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്നും രാജ്യസഭയിലേക്ക് പോകാൻ താല്പര്യപ്പെടുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ശനിയാഴ്ച ചേരുന്ന കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി (CLP) യോഗത്തിൽ ഡി.കെ. ശിവകുമാറിനെ ഔദ്യോഗികമായി പുതിയ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കും. പുതിയ മന്ത്രിസഭയുടെ രൂപീകരണം സംബന്ധിച്ച ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്.
ascddsdsa

