ഭർത്താവിനെയും രണ്ടാം ഭാര്യയെയും ഉൾപ്പെടെ നാല് പേരെ വെട്ടിക്കൊന്ന് കാറിലിട്ട് കരിച്ചു; ആദ്യഭാര്യയും മക്കളും അറസ്റ്റിൽ
ഷീബ വിജയൻ
രാജസ്ഥാനിലെ അജ്മീർ ജില്ലയിൽ മുൻ ഗ്രാമമുഖ്യൻ ഉൾപ്പെടെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കാറിലിട്ട് കരിച്ച സംഭവത്തിൽ ആദ്യഭാര്യയും മക്കളും അറസ്റ്റിലായി. മുൻ ഗ്രാമമുഖ്യൻ രാം സിംഗ് ചൗധരി, അമ്മ പൂസി ദേവി, രണ്ടാം ഭാര്യ സൂര്യഗ്യാൻ ദേവി, പുസിയുടെ സഹോദരിയുടെ മകൾ മഹിമ ചൗധരി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാമിന്റെ ആദ്യഭാര്യ സുനിത, മകൾ സരിത, പ്രായപൂർത്തിയാകാത്ത മകൻ എന്നിവരെ ബോരഡ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീരാംപുര ഗ്രാമത്തിലെ ദേശീയപാതയിൽ കാർ കത്തുന്നത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിലും സമീപത്തുമായി പൂർണ്ണമായും കരിഞ്ഞ നിലയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങൾ കാറിനുള്ളിലും ഒരെണ്ണം സമീപത്തെ വയലിലുമായിരുന്നു.
വീടിനുള്ളിൽ വെച്ച് നാല് പേരെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹങ്ങൾ രാമിന്റെ തന്നെ കാറിലേക്ക് മാറ്റി ദേശീയപാതയിലെത്തിച്ച് തീയിടുകയായിരുന്നു. ആദ്യം അപകടമരണമെന്ന് തോന്നിച്ചെങ്കിലും ഫോറൻസിക് പരിശോധനയിൽ മൃതദേഹങ്ങളിൽ മാരകമായ മുറിവുകൾ കണ്ടെത്തി. തുടർന്ന് സുനിതയെ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതാണ് സംശയത്തിനിടയാക്കിയത്. രാമിന്റെ രണ്ടാം വിവാഹത്തെച്ചൊല്ലി ഒരേ വീട്ടിൽ കഴിഞ്ഞിരുന്ന ഇവർക്കിടയിൽ ദീർഘകാലമായി നിലനിന്നിരുന്ന കുടുംബവഴക്കാണ് ബുധനാഴ്ച രാത്രി കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനുള്ള ചോദ്യം ചെയ്യൽ പോലീസ് തുടരുകയാണ്.
ോേ്ോേൈ്േ്ോ

