എല്‍നിനോ പ്രതിഭാസം: കേരളത്തിൽ കാലവർഷം കുറയും; ഉഷ്ണതരംഗത്തിനും സാധ്യത
ഷീബ വിജയൻ
ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണ ലഭിക്കുന്നതിനേക്കാൾ കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകുന്ന എൽനിനോ പ്രതിഭാസമാണ് മഴക്കുറവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ദക്ഷിണേന്ത്യയിൽ പൊതുവെ മഴ കുറയാനാണ് സാധ്യത.
രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 92 ശതമാനം മഴ മാത്രമേ ഇത്തവണ ലഭിക്കാൻ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തൽ. ഇത് 'സാധാരണയിൽ കുറഞ്ഞ' മഴയുടെ ഗണത്തിലാണ് ഉൾപ്പെടുന്നത്. കേരളത്തിൽ വേനൽമഴയിലും ഇത്തവണ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മഴ കുറയുന്നതിനൊപ്പം സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ നിത കെ. ഗോപാൽ അറിയിച്ചു. നേരത്തെ 2016-ലും 2024-ലും കേരളത്തിൽ ഉഷ്ണതരംഗം അനുഭവപ്പെട്ടത് എൽനിനോ വർഷങ്ങളിലായിരുന്നു.
അതേസമയം, കാലവർഷം സാധാരണ തോതിലായിരിക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് പ്രവചിച്ചിട്ടുണ്ട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴിയും മറ്റും വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
ASADSADSDAS

