എച്ഐവി രക്തം ബലമായി കുത്തിവെച്ചു; യുവാവിന്റെ ക്രൂരതയ്ക്ക് ഇരയായ യുവതി ആത്മഹത്യ ചെയ്തു
ശാരിക I ദേശീയം
ഹൈദരാബാദ്: വിവാഹത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് എച്ച്‌ഐവി ബാധിതനായ യുവാവ് ബലമായി രക്തം കുത്തിവെച്ച 24-കാരി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ക്രൂരമായ ആക്രമണത്തിന് ഇരയായതിന് പിന്നാലെ യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
യുവതിയും പ്രതിയായ മനോഹറും ബന്ധുക്കളാണ്. ഇവരുടെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും മനോഹറിന്റെ മാതാപിതാക്കൾ എച്ച്‌ഐവി ബാധിതരാണെന്ന അറിവിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ യുവാവിനെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ മനോഹറിനും രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചതോടെ യുവതിയുടെ കുടുംബം വിവാഹത്തിൽ നിന്ന് പിന്മാറി. ഇതിൽ പ്രകോപിതനായാണ് മാർച്ച് 11-ന് മനോഹർ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി സിറിഞ്ച് ഉപയോഗിച്ച് സ്വന്തം രക്തം യുവതിയുടെ ശരീരത്തിൽ കുത്തിവെച്ചത്.
സംഭവത്തിന് പിന്നാലെ പോലീസ് മനോഹറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ അക്രമം സൃഷ്ടിച്ച മാനസികാഘാതത്തിൽ നിന്നും സാമൂഹികമായ അവഗണനയെക്കുറിച്ചുള്ള ഭയത്തിൽ നിന്നും മോചിതയാകാൻ യുവതിക്ക് സാധിച്ചില്ല. വെള്ളിയാഴ്ച വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്ത വിഷാദവും ഭയവുമാണ് യുവതിയെ ഈ കടുംകൈയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നന്ിം




