കെട്ടിടം കെട്ടിയിട്ട് വേണ്ടേ ഫർണിച്ചർ വാങ്ങാൻ; മുഖ്യമന്ത്രി പദത്തിലെ തർക്കങ്ങളിൽ ശശി തരൂർ
ശാരിക l കേരളം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യു.ഡി.എഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉയരുന്ന ചർച്ചകളിൽ പ്രതികരണവുമായി ശശി തരൂർ എം.പി. തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം എം.എൽ.എമാരുടെ അഭിപ്രായം തേടി ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. "ആദ്യം കെട്ടിടം പണിയട്ടെ, എന്നിട്ടല്ലേ ഫർണിച്ചർ വാങ്ങുന്ന കാര്യം ആലോചിക്കേണ്ടത്" എന്നായിരുന്നു നേതാക്കളുടെ പരസ്യ പ്രതികരണങ്ങളെക്കുറിച്ചുള്ള തരൂരിന്റെ പരിഹാസം.
മുഖ്യമന്ത്രി ആരാകണമെന്നോ ഏത് നഗരത്തിൽ നിന്നുള്ളയാളാകണമെന്നോ ഇപ്പോൾ പറയാനാകില്ലെന്നും നിലവിലെ ചർച്ചകൾ അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫിന് കേരളത്തിൽ മികച്ച വിജയം ലഭിക്കുമെന്നും സംസ്ഥാനത്തെ വിജയം ദേശീയ തലത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും തരൂർ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിൽ സി.പി.എം - ബി.ജെ.പി ഡീൽ ഉണ്ടെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു. ബി.ജെ.പിക്ക് സ്വാധീനമുള്ള ഇടങ്ങളിൽ അവർ ഘടകകക്ഷികളെ മത്സരിപ്പിച്ചത് ഈ ധാരണയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി ഉയരുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണം. രമേശ് ചെന്നിത്തലയ്ക്കായി പി.ജെ. കുര്യൻ, കെ. സുധാകരൻ എന്നിവർ രംഗത്തെത്തിയപ്പോൾ, വി.ഡി. സതീശനെ പിന്തുണച്ച് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും നിലപാടറിയിച്ചിരുന്നു. ഗ്രൂപ്പ് പോര് മുറുകുന്ന പശ്ചാത്തലത്തിൽ തരൂരിന്റെ ഈ 'ഫർണിച്ചർ' പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
േിേ്ി




