ബിൽ തീർപ്പാക്കാൻ സമയപരിധിയില്ല; ഭരണഘടനാ ബെഞ്ച് മുൻവിധി തള്ളി സുപ്രീം കോടതി


ശാരിക

ന്യൂഡൽഹി: വിവിധ ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള രണ്ടംഗ ബെഞ്ചിന്റെ മുൻ തീരുമാനം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളി. ബില്ലിന്മേൽ തീർപ്പ് കൽപ്പിക്കാൻ സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിന് മറുപടി നൽകുകയായിരുന്നു ഭരണഘടനാ ബെഞ്ച്. ബിൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചുവയ്ക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.

ബില്ലുകളിൽ ഗവർണർ ഭരണഘടനാപരമായ ഒരു തീരുമാനം എടുക്കണം. ബില്ലുകളിൽ തീരുമാനമെടുക്കുമ്പോൾ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാം. എന്നാൽ, ബിൽ വെറുതെ പിടിച്ചുവയ്ക്കുകയല്ല വേണ്ടത്; മറിച്ച് നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കുകയാണ് ഉചിതമായ മാർഗ്ഗം. തീരുമാനം എടുത്തില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കുമെന്ന നിലപാട് ഭരണഘടനയ്ക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി.

രാഷ്ട്രപതിക്ക് ബിൽ അയക്കുകയോ അല്ലെങ്കിൽ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചനാധികാരം ഉണ്ട്. എന്നാൽ, ബിൽ അനിയന്ത്രിതമായി പിടിച്ചുവയ്ക്കാനുള്ള വിവേചനാധികാരം ഗവർണർക്കോ രാഷ്ട്രപതിക്കോ ഇല്ലെന്നും കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

article-image

cvfdsf

You might also like

  • Straight Forward

Most Viewed