വാണിജ്യതലത്തിൽ ഡ്രൈവറില്ലാ കാർ സർവിസ് ആരംഭിച്ച് അബൂദബി
ഷീബവിജയ൯
അബൂദബി: ഡ്രൈവറില്ലാ കാറുകളുടെ വാണിജ്യതല പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച് അബൂദബി. വീറൈഡ്, ഓട്ടോഗോ-കെ2 എന്നിവയ്ക്കാണ് ലെവല്‍ 4 സ്വയം നിയന്ത്രിത കാറുകള്‍ക്കുള്ള പ്രവര്‍ത്തനാനുമതി. അബൂദബി മൊബിലിറ്റിയാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സുരക്ഷയും പ്രവര്‍ത്തനക്ഷമതയും അബൂദബിയിലെ തിരക്കേറിയ റോഡുകളിലെ സാഹചര്യങ്ങളോടു സെന്‍സറുകളുടെ സഹായത്തോടെ പ്രതികരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഒട്ടേറെ പരിശോധനകളിലൂടെ ഉറപ്പുവരുത്തിയ ശേഷമാണ് വാഹനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഡ്രൈവറില്ലാ വാഹനങ്ങളുടെ നീക്കങ്ങള്‍ ഓപറേറ്റര്‍മാരുടെ സഹകരണത്തോടെ നൂതന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം മുഖേന യഥാസമയം നിരീക്ഷിക്കപ്പെടും.
സ്വയം നിയന്ത്രിത ടാക്‌സി വാഹനങ്ങളുടെ സര്‍വീസ് അല്‍ റീം, അല്‍ മറിയ ദ്വീപുകളിലേക്ക് കൂടി അബൂദബി മൊബിലിറ്റി വ്യാപിപ്പിച്ചിരുന്നു. ഈ രംഗത്തെ ആഗോള മുന്‍ നിര കമ്പനിയായ വീറൈഡ്, ടാക്‌സി സര്‍വീസ് സേവന ദാതാവായ ഊബര്‍, പ്രാദേശിക ഓപറേറ്ററായ തവസുല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്നിവയുമായി സഹകരിച്ചാണ് സർവീസുകൾ. ഇന്‍റലിജന്‍റ് ഗതാഗത ഹബ്ബായി അബൂദബിയെ മാറ്റുകയെന്ന സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്‍റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് നടപടി.
