മനുഷ്യക്കടത്ത്: നിശാക്ലബ് മാനേജർക്ക് ബഹ്‌റൈനിൽ മൂന്നുവർഷം തടവും പിഴയും


പ്രദീപ് പുറവങ്കര

മനാമ: രണ്ട് ഏഷ്യൻ യുവതികളെ മനുഷ്യക്കടത്തിന് ഇരയാക്കുകയും അതിലൊരു യുവതിയെ ലൈംഗികവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്ത കേസിൽ ഏഷ്യൻ വംശജനായ ഒരു നിശാക്ലബ് മാനേജർക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി മൂന്നുവർഷം തടവും 2000 ദീനാർ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ ബഹ്‌റൈനിൽ നിന്ന് നാടുകടത്താനും ഇരകളുടെ മടക്കയാത്രാച്ചെലവുകൾ വഹിക്കാനും കോടതി ഉത്തരവിട്ടു.

2025-ൽ പ്രതി മാനേജ് ചെയ്തിരുന്ന ഹോട്ടലിലെ നിശാക്ലബിൽ ഗായികമാരും നർത്തകികളുമായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് രണ്ട് യുവതികളെ ബഹ്‌റൈനിലേക്ക് കൊണ്ടുവന്നത്. രാജ്യത്ത് എത്തിയ ഉടൻ തന്നെ ഇയാൾ യുവതികളുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കുകയും അവരെ ഹോട്ടലിൽ തടഞ്ഞുവെക്കുകയും ചെയ്തു.തുടർന്ന്, വിശ്രമമില്ലാതെ ദിവസവും ജോലി ചെയ്യാനും ലൈംഗികവൃത്തിക്കും യുവതികളെ നിർബന്ധിച്ചു.

വിസ കാലാവധി തീർന്നതിനാൽ നാട്ടിലേക്ക് മടങ്ങാനോ ബഹ്‌റൈനിൽ വീണ്ടും പ്രവേശിക്കാനോ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പ്രതി യുവതികളിലൊരാളെ ലൈംഗികവൃത്തിക്ക് നിർബന്ധിച്ചത്. ഇരയുടെ സാമ്പത്തിക പരാധീനത മുതലെടുത്ത് ലൈംഗിക ചൂഷണം നടത്തുകയും അതിൽനിന്നുള്ള വരുമാനം സ്വന്തമാക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

You might also like

  • Straight Forward

Most Viewed