ഓഹരി വിപണി ഇനി ആഭ്യന്തര നിക്ഷേപകർ നയിക്കും
ഷീബ വിജയൻ
മുംബൈ: ചരിത്രം തിരുത്തി ആഭ്യന്തര ഓഹരി വിപണി. കൂടുതൽ ഓഹരികൾ സ്വന്തമാക്കിയവരുടെ കണക്കിൽ വിദേശികളെ പിന്തള്ളി ആഭ്യന്തര നിക്ഷേപകർ കുതിക്കുന്നു. ഓഹരി ഉടമസ്ഥതയിൽ വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും തമ്മിലുള്ള വ്യത്യാസം 25 വർഷത്തിനിടെ ആദ്യമായി ഏറ്റവും ഉയരത്തിലെത്തി. 2023 സാമ്പത്തിക വർഷത്തിന്റെ മാർച്ച് പാദത്തിൽ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലെ മൊത്തം ഓഹരികളിൽ മ്യൂച്ച്വൽ ഫണ്ട് കമ്പനികളുടെ നിക്ഷേപം 16.36 ശതമാനവും വിദേശികളുടെത് 18.89 ശതമാനവുമായിരുന്നു. എന്നാൽ, ഈ വർഷം സെപ്റ്റംബർ പാദത്തിൽ ആഭ്യന്തര സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 18.26 ശതമാനത്തിലേക്ക് ഉയർന്നു. വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 16.71 ശതമാനത്തിലേക്ക് ഇടിയുകയും ചെയ്തു.
2009 ജൂണിൽ ആഭ്യന്തര നിക്ഷേപകർക്ക് 11.39 ശതമാനവും വിദേശികൾക്ക് 13.44 ശതമാനവും ഓഹരി പങ്കാളിത്തമാണുണ്ടായിരുന്നത്. 13 വർഷത്തിനിടെ ആദ്യമായാണ് വിദേശികളുടെ നിക്ഷേപം ഇത്രയും കുറയുന്നതെന്ന് പ്രൈം ഡാറ്റബേസ് തയാറാക്കിയ റിപ്പോർട്ട് പറയുന്നു. 76,619 കോടി രൂപയുടെ ഓഹരി വിൽപനയാണ് വിദേശ നിക്ഷേപകരുടെ ആധിപത്യം നഷ്ടപ്പെടുത്തിയത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണിക്ക് പിന്നാലെയുണ്ടായ ആഗോള രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതാവസ്ഥ കാരണം വിദേശികൾ ഓഹരികൾ കൂട്ടമായി വിൽപന നടത്തുകയായിരുന്നു.
അതേസമയം, ആഭ്യന്തര മ്യൂച്ച്വൽ ഫണ്ട് കമ്പനികൾ വൻ തോതിൽ ഓഹരികൾ വാങ്ങിക്കൂട്ടിയതോടെ നിക്ഷേപ പങ്കാളിത്തം റെക്കോഡിലേക്ക് കുതിച്ചുയർന്നു. മാത്രമല്ല, ചെറുകിട നിക്ഷേപകരുടെ ഓഹരി ഉടമസ്ഥത 7.53 ശതമാനത്തിൽനിന്ന് 7.43 ശതമാനത്തിലേക്ക് ഇടിയുകയും അതിസമ്പന്നരായ നിക്ഷേപകരുടെ ഓഹരി ഉടമസ്ഥത 2.05ൽനിന്ന് 2.09 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു.
zxasddsa
