മലേഗാവ് സ്ഫോടനക്കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി കോടതി ഉത്തരവ്

ശാരിക
മുംബൈ l മലേഗാവ് സ്ഫോടനക്കേസിൽ പ്രഗ്യാ സിങ്ങ് ഠാക്കൂറും കേണൽ പുരോഹിതും അടക്കം ഏഴ് പ്രതികളെയും കുറ്റവിമുക്തരാക്കി. മുന്‍ ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍, ലഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്, മേജര്‍ രമേശ് ഉപോധ്യായ, അജയ് രഹീര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരെയാണ് കോടതി കേസിൽ വെറുതെവിട്ടത്. കേസിലെ പ്രതികളെല്ലാം ജാമ്യത്തിൽ ഇറങ്ങിയിരുന്നു.
സംഭവം നടന്ന് 17 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രതികള്‍ക്കെതിരെ മതിയായ തെളിവില്ലെന്ന് കണ്ടെത്തിയാണ് എന്‍ഐഎ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരിക്കുന്നത്. യുഎപിഎ കുറ്റം നിലനില്‍ക്കില്ലെന്നും വിചാരണ കോടതി വിധിച്ചു. ഗൂഡാലോചനക്ക് തെളിവില്ലെന്നും കോടതി ഉത്തരവിലുണ്ട്. സ്ഫോടനത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വസംഘടനയായ അഭിനവ് ഭാരതാണെന്നായിരുന്നു കേസ് അന്വേഷിച്ച എടിഎസ് നേരത്തെ കണ്ടെത്തിയത്. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.
സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച മോട്ടോർ ബൈക്ക് പ്രഗ്യാ സിങ് ഠാക്കൂറിൻ്റെ പേരിലാണ് എന്നായിരുന്നു എസ്ഐടി കണ്ടെത്തൽ. മോട്ടോർ ബൈക്കിൽ സ്ഫോടക വസ്തു വെച്ചതിന് തെളിവില്ലെന്നാണ് കോടതി വിധിയിലുള്ളത്. പ്രഗ്യാ സിങ്ങ് ഠാക്കൂറിൻ്റെ അറിവോടെയാണ് സ്ഫോടനമെന്നതിന് തെളിവില്ലെന്നും കോടതി ഉത്തരവിലുണ്ട്.
2008 സെപ്തംബര്‍ 29നാണ് മുംബൈയില്‍ നിന്നും 200 കിമി അകലെ മലേഗാവിലെ പളളിയ്ക്ക് സമീപം സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേൽക്കുകയുമായിരുന്നു. മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നായിരുന്നു കേസ്. റംസാന്‍ മാസത്തിലെ അവസാന ദിവസമായിരുന്നു സ്ഫോടനം.
ഹേമന്ത് കാക്കറെയുടെ നേതൃത്വത്തിലുളള മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡാണ് ആദ്യം കേസ് അന്വേഷിച്ചത്. തീവ്ര ഹിന്ദുത്വസംഘടനയായി അഭിനവ് ഭാരതാണ് സ്ഫോടനത്തിന് പിന്നിലെന്നായിരുന്നു എടിഎസിൻ്റെ കണ്ടെത്തൽ. 2008 ഒക്ടോബറിലാണ് പ്രഗ്യാ സിങ് ഠാക്കൂറും, പ്രസാദ് പുരോഹിതും അറസ്റ്റിലാകുന്നത്. സ്ഫോടനത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിൾ പ്രഗ്യാ സിങിൻറെ ഉടമസ്ഥതയിലുള്ളതാണെന്നും എടിഎസ് കണ്ടെത്തിയിരുന്നു.
2008 നവംബറിൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ ഹേമന്ത് കാക്കറെ കൊല്ലപ്പെട്ടിരുന്നു. പ്രതികൾക്കെതിരെ യുഎപിഎ, മക്കോക്ക നിയമം ചുമത്തി 2009 ജനുവരി കേസിലെ ആദ്യ കുറ്റപത്രം എടിഎസ് സമർപ്പിച്ചത്. 2009 ജനുവരി 31 ന് മക്കോക വകുപ്പുകൾ പ്രത്യേക കോടതി ഒഴിവാക്കിയെങ്കിലും മക്കോക്ക നിലനിൽക്കുമെന്ന് പിന്നീട് ബോംബൈ ഹൈക്കോടതി വിധിച്ചിരുന്നു.
2011 എപ്രിൽ 13ന് കേസ് എൻഐഎ ഏറ്റെടുത്തു. പിന്നീട് 2016ൽ എൻഐഎ കേസിൽ മക്കോക്ക ഒഴിവാക്കുകയായിരുന്നു. എടിഎസ് കുറ്റസമ്മതം നിർബന്ധിച്ച് എടുത്തതെന്ന് എൻഐഎ അനുബന്ധ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. 2017 ഏപ്രിൽ 25ന് ബോംബൈ ഹൈക്കോടതി പ്രഗ്യാ സിങ്ങ് ഠാക്കൂറിനും ആഗസ്തിൽ സുപ്രീം കോടതി പ്രസാദ് പുരോഹിതിനും ജാമ്യം അനുവദിച്ചിരുന്നു.
2018ലാണ് എൻഐഎ അന്തിമ കുറ്റപത്രം സമർപ്പിച്ചത്. ഡിസംബറിൽ വിചാരണ ആരംഭിച്ചു. 2025 ഏപ്രിലിലാണ് കേസിൽ അന്തിമ വാദം പൂർത്തിയായത്. ഈ കാലയളവിൽ അഞ്ച് ജഡ്ജിമാരാണ് കേസിൽ വാദം കേട്ടത്. 323 സാക്ഷികളെ പ്രോസിക്യൂഷനും എട്ട് സാക്ഷികളെ പ്രതിഭാഗവും വിസ്തരിച്ചു. വിചാരണയ്ക്കിടെ 36 സാക്ഷികൾ കൂറ് മാറിയിരുന്നു.
േ്ിേി