മുംബൈ ട്രെയിൻ സ്ഫോടനകേസ് പ്രതികളെ വെറുതെ വിട്ട ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി


ഷീബ വിജയൻ 

ന്യൂഡൽഹി I 2006ലെ മുംബൈ ട്രെയിൻസ്ഫോടന കേസ് പ്രതികളെ വെറുതെ വിട്ട ബോംബെ ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എൻ.കോട്ടിസവാർ സിങ് എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി. ഹൈകോടതിവിധി മാതൃകയായി കണക്കാക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു. അതേസമയം, പ്രതികളുടെ ജയിൽമോചനം കോടതി തടഞ്ഞിട്ടില്ല. 189 പേർ മരിച്ച 2006 ലെ മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ പ്രത്യേക മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മകോക) കോടതി വധശിക്ഷയും ജീവപര്യന്തവും വിധിച്ച പ്രതികളെ ബോംബെ ഹൈകോടതി വെറുതെവിട്ടിരുന്നു. കേസിൽ 13 പ്രതികളിൽ അഞ്ചുപേർക്ക് വധശിക്ഷയും ഏഴുപേർക്ക് ജീവപര്യന്തവുമാണ് 2015ൽ മകോക കോടതി വിധിച്ചത്. ഒരാളെ വെറുതെവിട്ടിരുന്നു.

കമാൽ അൻസാരി, മുഹമ്മദ് ഫൈസൽ അതാഉറഹ്മാൻ ശൈഖ്, ഇഹ്തശാം സിദ്ദീഖി, നവീദ് ഹുസൈൻ ഖാൻ, ആസിഫ് ഖാൻ എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. തൻവീർ അഹ്മദ്, മുഹമ്മദ് മാജിദ്, ശൈഖ് മുഹമ്മദലി ആലം ശൈഖ്, മുഹമ്മദ് സാജിദ് അൻസാരി, മുസമ്മിൽ അതാഉറഹ്മാൻ ശൈഖ്, സുഹൈൽ മുഹമ്മദ്, സമീർ അഹമ്മദ് എന്നിവർക്കായിരുന്നു ജീവപര്യന്തം. വാഹിദ് ശൈഖിനെ ഒമ്പത് വർഷത്തെ ജയിൽവാസത്തിനു ശേഷം മകോക കോടതി വെറുതെവിട്ടിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട കമാൽ അൻസാരി 2021ൽ കോവിഡ് ബാധിച്ച് ജയിലിൽ മരിച്ചു. ശേഷിച്ചവർ 19 വർഷമായി വിവിധ ജയിലുകളിലാണ്. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയും സാക്ഷികളുടെ വിശ്വാസ്യത ചോദ്യംചെയ്തും ജസ്റ്റിസുമാരായ അനിൽ എസ്. കിലോർ, ശ്യാം സി. ചന്ദക് എന്നിവരുടെ പ്രത്യേക ബെഞ്ചാണ് തിങ്കളാഴ്ച വിധി പറഞ്ഞത്. പീഡനത്തിന് ഇരയാക്കി കുറ്റസമ്മത മൊഴിയെടുത്തതാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. ആരോപിക്കപ്പെട്ട കുറ്റങ്ങൾ പ്രതികൾ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നത് സുരക്ഷിതമല്ല. അതിനാൽ ശിക്ഷാവിധി റദ്ദാക്കുന്നതായി ഹൈകോടതി ഉത്തരവിൽ പറഞ്ഞിരുന്നു. പ്രതികളെ കണ്ടെത്തി നിയമനടപടി പൂർത്തിയാക്കിയെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുകയും യഥാർഥ കുറ്റവാളികൾ മറഞ്ഞിരിക്കുന്നത് സമൂഹത്തിന് ഭീഷണിയായി തുടരുകയും ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു. പ്രതികളെ കണ്ടെന്നുപറഞ്ഞ ടാക്സി ഡ്രൈവറുൾപ്പെടെയുള്ള ദൃക്സാക്ഷികൾ ക്രോസ് വിസ്താരത്തിനിടെ മൊഴിമാറ്റിയതും പ്രതികളുടെ രേഖാചിത്രം വരക്കാൻ അവരുടെ രൂപം പറഞ്ഞുകൊടുത്ത ആളെ പ്രതികളെ തിരിച്ചറിയാൻ കോടതിയിൽ ഹാജരാക്കാത്തതും കോടതി ചൂണ്ടിക്കാട്ടി.

2006 ജൂലൈ 11ന് വൈകീട്ട് മിനിറ്റുകളുടെ വ്യത്യാസത്തിൽ വെസ്റ്റേൺ ലൈനിൽ സഞ്ചരിക്കുകയായിരുന്ന ഏഴ് ട്രെയിനുകളുടെ ഫസ്റ്റ്ക്ലാസ് കമ്പാർട്ടുമെന്റിലാണ് സ്ഫോടനങ്ങൾ ഉണ്ടായത്.

article-image

DEDEFAADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed