ഗസ്സയിലെ ക്രൂരത; മെഡിക്കൽ എത്തിക്‌സിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതര ലംഘനമെന്ന് ഇസ്രായേൽ മെഡിക്കൽ അസോസിയേഷൻ

ഷീബ വിജയൻ
തെൽഅവീവ് I 22 മാസം പിന്നിട്ട മനുഷ്യത്വം മരവിക്കുന്ന ഗസ്സയിലെ കൊടുംക്രൂരതക്കെതിരെ ഒടുവിൽ ഇസ്രായേലിലെ ഡോക്ടർമാരുടെ സംഘടനയായ ഇസ്രായേൽ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ) രംഗത്ത്. ആശുപത്രികൾ തകർക്കുന്നതും മരുന്നും ജീവൻരക്ഷാ ഉപകരണങ്ങളും നിഷേധിക്കുന്നതും ഭക്ഷണം തേടി എത്തുന്നവരെ വെടിവെച്ചുകൊല്ലുന്നതും മെഡിക്കൽ എത്തിക്‌സിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങൾ വ്യക്തമാക്കി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഇയാൽ സമീർ, പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് എന്നിവർക്ക് സംഘടന കത്തെഴുതി. ഗസ്സയിലെ സാധാരണക്കാർക്ക് മെഡിക്കൽ ഉപകരണങ്ങളും അടിസ്ഥാന മാനുഷിക സാഹചര്യങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കത്തിൽ ആവശ്യപ്പെട്ടു.
ഐ.എം.എയുമായുള്ള ബന്ധം വിച്ഛേദിക്കാൻ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബി.എം.എ) അടുത്തിടെ തീരുമാനിച്ചതും അന്താരാഷ്ട്ര തലത്തിൽ ഉയരുന്ന സമ്മർദവും കണക്കിലെടുത്താണ് ഐ.എം.എയുടെ ഇടപെടൽ. ‘ഗസ്സയിലെ സിവിലിയൻ ജനതക്ക് മെഡിക്കൽ ഉപകരണങ്ങളും അടിസ്ഥാന മാനുഷിക സാഹചര്യങ്ങളും ഉറപ്പാക്കണമെന്ന് ഞങ്ങൾ ഊന്നിപ്പറയുന്നു. മെഡിക്കൽ എത്തിക്സും അന്താരാഷ്ട്ര മാനുഷിക നിയമവും ഇത് ആവശ്യപ്പെടുന്നുണ്ട്’ -ഐ.എം.എ ചെയർമാൻ പ്രഫ. സിയോൺ ഹാഗേ കത്തിൽ വ്യക്തമാക്കി.
SDADSASDSA