നിമിഷപ്രിയയുടെ മോചനം; മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

ഷീബ വിജയൻ
ന്യൂഡൽഹി I നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ക്ക് പുതിയ പ്രതിസന്ധി. നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ. ഒരു ഒത്തുതീർപ്പിനുമില്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്‍റെ സഹോദരൻ പറഞ്ഞതായാണ് വിവരം. അതേസമയം, വിഷയത്തിൽ തലാലിന്‍റെ ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. കുടുംബത്തിലെ ചിലർ നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ചർച്ചകൾ വീണ്ടും തുടരുമെന്നാണ് സൂചന. ചർച്ചകൾ ചിലപ്പോൾ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള്‍ അറിയിച്ചു. ശിക്ഷ നീട്ടിവെച്ചതിനാൽ വീണ്ടും ഇടപെടലിനായി കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. പരസ്യപ്രതികരണം ഒഴിവാക്കണമെന്നും യെമനിൽ ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച തന്നെ യെമൻ പ്രസിഡന്‍റ് വിഷയത്തിൽ ഇടപെട്ടിരുന്നു എന്നും കേന്ദ്രം സൂചന നൽകിയിട്ടുണ്ട്. ഇതിനിടെ, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യെമനിൽ ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ടെന്നാണ് മധ്യസ്ഥ ശ്രമം നടത്തുന്നവര്‍ അറിയിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വധശിക്ഷ നടപ്പാക്കാൻ ആവശ്യപ്പെട്ടുള്ള പ്രചാരണം. ഇത് പ്രതിസന്ധിയുണ്ടാക്കുന്നതായും മധ്യസ്ഥ സംഘം അറിയിക്കുന്നത്. നിമിഷ പ്രിയയുടെ കാര്യത്തിൽ തുടർന്നും ഇടപെടൽ നടത്തും എന്ന് കാന്തപുരം വ്യക്തമാക്കിയിട്ടുണ്ട്.
ADSDSAFADSDAS