ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം നിരത്തി അമേരിക്കൻ പ്രസിഡന്റ്
ശാരിക
വാഷിങ്ടണ്‍: ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വന്ന കനത്ത പരാജയത്തിന്റെ കാരണങ്ങൾ വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സെനറ്റിലും ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലും ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിലാണ് സിബിഎസ് ന്യൂസിന്റെ '60 മിനിട്സ്' അഭിമുഖത്തിൽ ട്രംപ് തോല്‍വിയെ കുറിച്ച് വിശദീകരിച്ചത്.
തെരഞ്ഞെടുപ്പിൽ താൻ നേരിട്ട് മത്സരിച്ചിരുന്നില്ലെന്നതാണ് തോൽവിയുടെ പ്രധാന കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത്. തന്റെ പേര് ബാലറ്റ് പേപ്പറിൽ ഇല്ലായിരുന്നുവെങ്കിലും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കായി അദ്ദേഹം സജീവമായി പ്രചാരണം നടത്തിയിരുന്നു. താൻ ബാലറ്റിൽ ഉണ്ടായിരുന്നെങ്കിൽ ഫലം തികച്ചും വ്യത്യസ്തമാകുമായിരുന്നുവെന്നും വലിയ ജനപങ്കാളിത്തമുള്ള റാലികൾ തന്റെ ജനപ്രീതിയുടെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, തനിക്കായി വോട്ട് ചെയ്യാൻ തയ്യാറായിരുന്ന ജനങ്ങളെ താൻ പിന്തുണച്ച മറ്റ് സ്ഥാനാർത്ഥികൾക്ക് അനുകൂലമായി വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നത് എളുപ്പമായിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനുമായുള്ള യുദ്ധത്തോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് തോൽവിക്ക് പിന്നിലെ മറ്റൊരു പ്രധാന കാരണമായി ട്രംപ് ചൂണ്ടിക്കാട്ടിയത്. വോട്ടർമാർ യുദ്ധത്തെ ഇഷ്ടപ്പെട്ടില്ലെന്നും ഈ എതിർപ്പ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിച്ചുവെന്നും അദ്ദേഹം സമ്മതിച്ചു. പെട്രോൾ വിലയിലുണ്ടായ വർധനവും തിരിച്ചടിയായി. വില താൻ വളരെ താഴ്ന്ന നിലയിൽ എത്തിച്ചിരുന്നെങ്കിലും പിന്നീട് വില ഉയർന്നത് ജനങ്ങളിൽ അതൃപ്തി ഉണ്ടാക്കിയെന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. കൂടാതെ, ഇസ്രയേലിനെതിരായ ജനങ്ങളുടെ അതൃപ്തിയും തോൽവിക്ക് കാരണമായതായി അദ്ദേഹം വിലയിരുത്തി.
'ഞാൻ മത്സരിക്കുന്നതുപോലെ നിങ്ങൾ വോട്ട് ചെയ്യുക' എന്നായിരുന്നു പ്രചാരണ വേളയിൽ ട്രംപ് ആവർത്തിച്ചിരുന്നത്. എന്നാൽ ചിലയിടങ്ങളിൽ വോട്ടർമാർ സ്ഥാനാർത്ഥികളെ ഇഷ്ടപ്പെടാത്തതിനാൽ വോട്ട് ചെയ്യാൻ എത്തിയിരുന്നില്ലെന്നും, അങ്ങനെ വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശം വോട്ടർമാർക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വ്യക്തിപ്രഭാവം സ്ഥാനാർത്ഥികളുടെ വിജയത്തിലേക്ക് പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിച്ചില്ലെന്നും ട്രംപ് അഭിമുഖത്തിൽ തുറന്നുസമ്മതിച്ചു.
്നംന

