ഡൽഹിയിലെ ഇന്ത്യ മുന്നണി പ്രതിഷേധത്തിൽനിന്ന് മുസ്ലിം ലീഗ് തഴയപ്പെട്ടു; പരിഹാസവുമായി കെ.ടി. ജലീൽ
ശാരിക
മലപ്പുറം: കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ആവശ്യമില്ലാതെ ഇടപെട്ടതുകൊണ്ടാണ് ഡൽഹിയിലെ ഇന്ത്യ മുന്നണി പ്രതിഷേധത്തിൽനിന്ന് മുസ്ലിം ലീഗ് തഴയപ്പെട്ടതെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ ലഭിക്കുമെന്നത് എല്ലാവർക്കും ഒരു പാഠമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു. കോൺഗ്രസിലെ മുഖ്യമന്ത്രിത്തർക്കവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ.സി. വേണുഗോപാലിനെ തഴഞ്ഞ് വി.ഡി. സതീശനെ പിന്തുണച്ച ലീഗ് നിലപാടിനെ ചൂണ്ടിക്കാണിച്ചായിരുന്നു ജലീലിന്റെ പ്രതികരണം.
ബി.ജെ.പി.ക്കെതിരായ സമരങ്ങളിൽ ലീഗിന് താല്പര്യമില്ലെന്നും അവരുടെ ആത്മാർത്ഥതയിൽ കോൺഗ്രസിന് കടുത്ത സംശയമുണ്ടെന്നും ജലീൽ ആരോപിച്ചു. ലീഗ് ഇന്ത്യ സഖ്യത്തിലുണ്ടെന്നത് ഉത്തരേന്ത്യയിൽ കോൺഗ്രസിന് രാഷ്ട്രീയമായി തിരിച്ചടിയാകുന്നുണ്ടെന്നും, ഇ.ഡി. നടപടികളെ പേടിക്കുന്ന ലീഗ് നേതാക്കൾക്ക് മോദിക്കോ അമിത് ഷായ്ക്കോ എതിരെ സംസാരിക്കാൻ ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെ കേരളത്തിൽ ആവശ്യമുണ്ടെങ്കിലും സംസ്ഥാനത്തിന് പുറത്ത് സഖ്യമുണ്ടാക്കാൻ കോൺഗ്രസ് തയ്യാറല്ലെന്നും ജലീൽ വ്യക്തമാക്കി.
അതേസമയം, ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള പ്രതിഷേധത്തിൽ നിന്നും രാഷ്ട്രപതി ഭവൻ സന്ദർശന സംഘത്തിൽ നിന്നും ലീഗിനെ മാറ്റിനിർത്തിയത് ലീഗ് അണികളിൽ വലിയ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. അഞ്ച് എം.പിമാരുള്ള ലീഗിനെ ഒഴിവാക്കി ഒരു എം.പി മാത്രമുള്ള വി.സി.കെ. നേതാവിന് രാഷ്ട്രപതിയെ കാണാൻ അനുമതി നൽകിയതും, രാംലീല മൈതാനിയിലെ റാലിയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പ്രസംഗിക്കാൻ അവസരം നിഷേധിച്ചതും പാർട്ടിക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ടെങ്കിലും ലീഡർഷിപ് പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
ന്േിേി

