ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രേഡ് യൂനിയൻ പ്രതിനിധികൾ ഉൾപ്പെട്ട സമിതി രൂപവത്കരിക്കാൻ തീരുമാനം


ശാരിക

തിരുവനന്തപുരം: ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ട്രേഡ് യൂനിയൻ പ്രതിനിധികൾ ഉൾപ്പെട്ട സമിതി രൂപവത്കരിക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിൽ നടന്ന യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായത്.

തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ 22 ട്രേഡ് യൂണിയൻ ഭാരവാഹികൾ പങ്കെടുക്കുകയുണ്ടായി. ലേബർ കോഡിന്റെ അനുബന്ധമായി സംസ്ഥാന ചട്ടങ്ങൾ രൂപവത്കരിക്കുന്നതിലേക്ക് ആവശ്യമായ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് ഈ കമ്മിറ്റിയുടെ പ്രധാന ചുമതല. തൊഴിൽ വകുപ്പ് സെക്രട്ടറി കൺവീനറായും നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി അംഗമായും പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ വിവിധ തൊഴിലാളി യൂനിയനുകളിൽനിന്നുള്ള ഏഴ് പ്രതിനിധികളും തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടാകും. സമിതി രൂപീകരിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കുകയും നിയമപരമായവ പരിഗണിക്കുകയും ചെയ്തശേഷം മാത്രമേ ലേബർ കോഡ് നടപ്പാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ യോഗത്തിൽ വ്യക്തമാക്കി.

നിയമപരമായ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ലേബർ കോഡിന്റെ ആഘാതം കുറച്ച് തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും കേരളം രൂപീകരിക്കുന്ന ലേബർ ചട്ടങ്ങൾ രാജ്യത്തിന് മാതൃകയാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലേബർ കോഡിൽ തൊഴിലാളികളുടെ പരിധി നിർണയിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഈ പരിധി കുറക്കണമെന്ന ആവശ്യവും കേന്ദ്രത്തിനു മുന്നിൽ ഉന്നയിക്കാൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും 2021ൽ തയ്യാറാക്കിയ ഡ്രാഫ്റ്റിൽ ആവശ്യമായ ഭേദഗതികൾ നിർദേശിക്കുന്നതിന് തൊഴിലാളി യൂനിയനുകൾക്ക് അവസരം നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

പ്രത്യേക കമ്മിറ്റി തയ്യാറാക്കുന്ന കരട് നിർദേശങ്ങൾ എല്ലാ ട്രേഡ് യൂനിയനുകൾക്കും കൈമാറുമെന്നും കമ്മിറ്റിയുടെ സിറ്റിങ്ങുകളിൽ നേരിട്ട് പങ്കെടുത്ത് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ അവസരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന കാര്യത്തിൽ യോഗത്തിൽ പങ്കെടുത്ത എല്ലാ ട്രേഡ് യൂനിയനുകളും പൊതുവായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പ്രത്യേക സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെയും തൊഴിലാളി യൂനിയനുകൾ മുന്നോട്ടുവെക്കുന്ന നിർദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ലേബർ കോഡുകളുടെ അന്തിമ ചട്ടങ്ങൾ സംസ്ഥാനം തയാറാക്കി പ്രസിദ്ധീകരിക്കുക.

article-image

്േിി

You might also like

  • Lulu Exchange
  • Straight Forward

Most Viewed