ഉമ്മത്തിൻ കായ വിൽപ്പന: ആമസോണിനും സ്വിഗ്ഗിക്കും ബിഗ് ബാസ്കറ്റിനും വൻ പണി നൽകി കർണാടക സർക്കാർ
ഷീബ വിജയൻ
മാരക വിഷമുള്ള ഉമ്മത്തിന്റെ കായും വിത്തുകളും ഭക്ഷ്യയോഗ്യമെന്ന പേരിൽ വിതരണം ചെയ്തതിനെ തുടർന്ന് ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്കറ്റ് എന്നീ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളുടെ ഫുഡ് ലൈസൻസുകൾ കർണാടക സർക്കാർ റദ്ദാക്കി. മുൻപ് നോട്ടീസ് നൽകിയിട്ടും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കമ്പനികൾ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ ശക്തമായ നടപടി.
ഉമ്മത്തിന്റെ കായും വിത്തുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങളും പ്രമോഷനുകളും ഉടനടി പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. മാരകമായ വിഷം അടങ്ങിയ ഉമ്മത്തിൻ കായയും പൂക്കളും കഴിക്കുന്നത് ശ്വാസതടസ്സം, തലകറക്കം എന്നിവയ്ക്കും ചിലപ്പോൾ മരണത്തിനും വരെ കാരണമായേക്കാമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇത്തരം ഉൽപ്പന്നങ്ങൾ മനുഷ്യർക്ക് ഉപയോഗിക്കാമെന്ന തരത്തിൽ ഓൺലൈനിലൂടെ പ്രചരിപ്പിക്കുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാണ്.
2006-ലെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണ് കമ്പനികൾക്ക് നൽകിയിരുന്ന ലൈസൻസ് അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ താത്കാലികമായി റദ്ദാക്കിയിരിക്കുന്നത്. കമ്പനി പ്രതിനിധികൾ ഉടൻ തന്നെ എഫ്.ഡി.എ (FDA) ഹിയറിംഗിൽ ഹാജരായി രേഖാമൂലം മറുപടി നൽകണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
asadsadsas

