തരുൺ തേജ്പാലിന് വീണ്ടും തിരിച്ചടി: രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ സുപ്രീം കോടതി ഉത്തരവ്
ഷീബ വിജയൻ
2013-ലെ ലൈംഗികാതിക്രമ കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. വിചാരണക്കോടതി വെറുതെവിട്ട തേജ്പാൽ കുറ്റക്കാരനാണെന്ന് ബോംബെ ഹൈക്കോടതി ഓഗസ്റ്റ് ആറിന് വിധിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ പരിഗണിക്കവേയാണ് ഉടൻ കീഴടങ്ങാൻ കോടതി നിർദേശിച്ചത്. കീഴടങ്ങിയാൽ മാത്രമേ അപ്പീൽ പരിഗണിക്കൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി. തേജ്പാൽ 10 വർഷത്തെ കഠിനതടവ് അനുഭവിക്കണമെന്നാണ് ഹൈക്കോടതി വിധി.
2013-ൽ ഗോവയിലെ ഒരു നക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിൽ വച്ച് സഹപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നതാണ് കേസ്. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെഷൻസ് കോടതി തേജ്പാലിനെ വെറുതെവിട്ടത്. ഇതിനെതിരെ ഗോവ സർക്കാരാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
ജസ്റ്റിസ് ഡോ. നീല ഗോഖലെ, ജസ്റ്റിസ് അമിത് ജാംസണ്ഡേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഗോവ സർക്കാരിന്റെ അപ്പീൽ അനുവദിച്ച് വിധി പ്രസ്താവിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(2)(എഫ്), 376(2)(കെ), 354എ, 354ബി എന്നീ വകുപ്പുകൾ പ്രകാരം ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളിൽ തേജ്പാൽ കുറ്റക്കാരനാണെന്ന് ബെഞ്ച് വിധിച്ചു.
ഇതിനു പിന്നാലെ, അഭിഭാഷകൻ ആദിത്യ സമദ്ദാർ വഴി തേജ്പാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. അതേസമയം, കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കുമ്പോൾ 10 വർഷത്തെ തടവ് പോരെന്നും ജീവപര്യന്തം നൽകണമെന്നും ആവശ്യപ്പെട്ട് ഗോവ സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
asassa

