ഐക്യരാഷ്ട്രസഭയുടെ എഫ്.എ.ഒ പ്രസിദ്ധീകരണത്തിൽ ബഹ്‌റൈനിൽ നിന്നുള്ള രണ്ട് കാർഷിക വിജയഗാഥകൾ


പ്രദീപ് പുറവങ്കര

മനാമ: ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്.എ.ഒ) റീജിയണൽ പ്രസിദ്ധീകരണമായ 'കൂപ്പറേറ്റേഴ്‌സ് വോയ്‌സ്'ലേക്ക് ബഹ്‌റൈനിൽ നിന്നുള്ള രണ്ട് കാർഷിക വിജയഗാഥകൾ തിരഞ്ഞെടുക്കപ്പെട്ടു. എഫ്.എ.ഒയുടെ 80-ാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ഈ പ്രസിദ്ധീകരണത്തിൽ മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും 14-ലധികം രാജ്യങ്ങളിൽ നിന്നുള്ള എഴുപതിലേറെ പ്രചോദനാത്മകമായ കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് അനുഭവങ്ങളും എഫ്.എ.ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബഹ്‌റൈന്റെ കാർഷിക മേഖല കൈവരിച്ച മികച്ച നേട്ടങ്ങൾക്കും കർഷകർക്ക് നൽകുന്ന തുടർച്ചയായ പിന്തുണയ്ക്കുമുള്ള അന്താരാഷ്ട്ര അംഗീകാരമാണിതെന്ന് നഗരസഭാ കാര്യ, കാർഷിക മന്ത്രി വായേൽ ബിൻ നാസർ അൽ മുബാറക് പറഞ്ഞു. രാജാവിന്റെ പത്നിയും നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് ഉപദേശക സമിതി അധ്യക്ഷയുമായ പ്രിൻസസ് സബീക ബിൻത് ഇബ്രാഹിം അൽ ഖലീഫ കാർഷിക മേഖലയ്ക്ക് നൽകുന്ന പിന്തുണയെ അദ്ദേഹം എടുത്തുപറഞ്ഞു. പരമ്പരാഗത അറിവുകളും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കാനുള്ള ബഹ്‌റൈനി കർഷകരുടെ കഴിവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നൊവേഷൻ, സുസ്ഥിരത, കൂട്ടായ പ്രവർത്തനം, പ്രാദേശിക ഉൽപ്പാദനം എന്നിവയിൽ ബഹ്‌റൈൻ നേടീയ അനുഭവങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് സെക്രട്ടറി ജനറൽ ശൈഖ മരം ബിൻത് ഈസ അൽ ഖലീഫ വ്യക്തമാക്കി. കൃത്യമായ നിരീക്ഷണങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് ഈ രണ്ട് കഥകളും തിരഞ്ഞെടുക്കപ്പെട്ടതെന്ന് കാർഷിക മൃഗസമ്പദ് മന്ത്രാലയ അണ്ടർസെക്രട്ടറി എഞ്ചിനീയർ ആസിം അബ്ദുൽ ലത്തീഫ് അബ്ദുള്ള അറിയിച്ചു.

ബിലാദ് അൽ ഖദീമിലെ കർഷകനായ മിർസ ഹസൻ മൻസൂറിന്റെ കഥയാണ് ആദ്യത്തേത്. ഉപ്പുരസം നിറഞ്ഞ കൃഷിഭൂമിയെ ആധുനിക ജലസേചന രീതികളും ജൈവവളങ്ങളും ഉപയോഗിച്ച് ലാഭകരവും സുസ്ഥിരവുമായ ഫാം ആക്കി മാറ്റിയ അദ്ദേഹത്തിന്റെ അനുഭവമാണ് ഇതിൽ വിവരിക്കുന്നത്. മകൻ സ്മാർട്ട് ഇറിഗേഷൻ സംവിധാനത്തിലും മകൾ ഡിജിറ്റൽ മാർക്കറ്റിംഗിലും പങ്കാളികളാകുന്ന ഈ ഫാം വിദ്യാർത്ഥികൾക്ക് അറിവ് പകരുന്ന കേന്ദ്രം കൂടിയാണ്.

ബൂരിയിലെ കർഷകനായ മുഹമ്മദ് മൊഹ്‌സിൻ, ബഹ്‌റൈൻ ഫാർമേഴ്‌സ് അസോസിയേഷൻ എന്നിവരെ ആസ്പദമാക്കിയുള്ളതാണ് രണ്ടാമത്തെ കഥ. വിത്തുകളും വളങ്ങളും കൂട്ടമായി വാങ്ങി ഉൽപ്പാദനച്ചെലവ് കുറയ്ക്കുക, സ്മാർട്ട് ഫാർമിംഗ്, ഹൈഡ്രോപോണിക്സ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുക, കോവിഡ് കാലത്ത് പ്രാദേശിക വിപണിയിൽ ഉൽപ്പന്നങ്ങൾ എത്തിക്കുക തുടങ്ങിയ കർഷക കൂട്ടായ്മയുടെ വിജയമാണ് ഇതിൽ വ്യക്തമാക്കുന്നത്. ബഹ്‌റൈന്റെ ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ഇന്നൊവേഷൻ എന്നിവയ്ക്കുള്ള മികച്ച മാതൃകയായി ഈ നേട്ടം വിലയിരുത്തപ്പെടുന്നു.

article-image

desdsdfdfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed