ദേശീയ സുഗന്ധദ്രവ്യ ഫാക്ടറിയും പഠനകേന്ദ്രവും സ്ഥാപിക്കാൻ പാർലമെന്റിൽ ശുപാർശ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈന്റെ പാരമ്പര്യവും തദ്ദേശീയ പൂക്കളും സുഗന്ധച്ചെടികളും ആധാരമാക്കി ദേശീയ സുഗന്ധദ്രവ്യ ഫാക്ടറിയും അക്രഡിറ്റഡ് പെർഫ്യൂമറി ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിക്കണമെന്ന ശുപാർശ പാർലമെന്റിൽ സമർപ്പിച്ചു. പ്രാദേശിക സുഗന്ധദ്രവ്യ വിപണിയെ വൻകിട കയറ്റുമതി മേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ എം.പി ബസീമ മുബാറക്കാണ് പദ്ധതി സർക്കാരിന് മുന്നിൽ അവതരിപ്പിച്ചത്.

സ്വകാര്യ മേഖല, വിദ്യാഭ്യാസ മേഖല, നിക്ഷേപ പങ്കാളികൾ എന്നിവരുമായി സഹകരിച്ച് പദ്ധതികളെക്കുറിച്ച് വിശദമായി പഠിക്കണമെന്ന് ബസീമ മുബാറക് സർക്കാരിനോട് ആവശ്യപ്പെട്ടു. മുല്ലപ്പൂ, ദമാസ്‌ക് റോസ്, മഷ്‌മൂം, തദ്ദേശീയ പൂക്കളിൽ നിന്നുള്ള എണ്ണകൾ, ഈന്തപ്പനയിലെ പരാഗരേണുക്കളിൽ നിന്നുള്ള എണ്ണ തുടങ്ങിയവ ഉപയോഗിച്ച് ബഹ്‌റൈന്റെ തനിമയുള്ള സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കുകയാണ് ഫാക്ടറിയിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ആരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിലൂടെ സുഗന്ധദ്രവ്യ നിർമ്മാണത്തിൽ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളും പരിശീലനവും നൽകും. ബഹ്‌റൈനികൾക്കും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഇത് പ്രയോജനപ്പെടും.

മുത്ത്, കടൽ, മുങ്ങൽ പ്രക്രിയ, പേളിംഗ് പാത്ത്, ഈന്തപ്പനകൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പ്രത്യേക പെർഫ്യൂം ശ്രേണികൾ അവതരിപ്പിക്കാനും ശുപാർശയിൽ പറയുന്നുണ്ട്. ഒമാന്റെ പ്രശസ്തമായ 'അമുവാഷ്' (Amouage) പോലെ പ്രാദേശിക സംസ്കാരത്തിൽ അധിഷ്ഠിതമായി അന്താരാഷ്ട്ര ബ്രാൻഡ് കെട്ടിപ്പടുക്കാൻ ബഹ്‌റൈനും സാധിക്കുമെന്ന് ഒമാന്റെ മാതൃക ചൂണ്ടിക്കാട്ടി ബസീമ മുബാറക് വ്യക്തമാക്കി.

ഭാവിയിൽ ഇതൊരു ദേശീയ ലക്ഷ്വറി പെർഫ്യൂം ബ്രാൻഡ്, ഗവേഷണ കേന്ദ്രം, സ്റ്റാർട്ടപ്പ് ഇൻകുബേറ്റർ, പെർഫ്യൂം സിറ്റി എന്നിവയായി വികസിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണയിതര വരുമാനം വർദ്ധിപ്പിക്കാനും തദ്ദേശീയവും വിദേശീയവുമായ നിക്ഷേപങ്ങൾ ആകർഷിക്കാനും ചെറുപ്പക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതിക്ക് സാധിക്കും. പാർലമെന്റിന്റെ ഭരണഘടനാപരമായ വകുപ്പുകൾ പ്രകാരം സമർപ്പിച്ച ഈ ശുപാർശ തുടർപഠനങ്ങൾക്കായി ബന്ധപ്പെട്ട സമിതിക്ക് കൈമാറാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

 

article-image

ssadsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed