ഇന്ത്യൻ ലേഡീസ് അസോസിയേഷൻ 'ഇന്ത്യ അൺപ്ലഗ്ഗ്ഡ് - സീസൺ 2' ക്വിസ് മത്സരം സംഘടിപ്പിക്കുന്നു


പ്രദീപ് പുറവങ്കര

മനാമ, ബഹ്‌റൈൻ — ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ബഹ്‌റൈന്റെ 70-ാം വാർഷികാഘോഷങ്ങളുടെ (പ്ലാറ്റിനം ജൂബിലി) ഭാഗമായി സംഘടിപ്പിക്കുന്ന 'ഇന്ത്യ അൺപ്ലഗ്ഗ്ഡ് - സീസൺ 2' മെഗാ ക്വിസ് മത്സരം 2026 ഓഗസ്റ്റ് 14 വെള്ളിഴാഴ്ച നടക്കും. ഇന്ത്യയുടെ സമ്പന്നമായ ചരിത്രം, സംസ്‌കാരം, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവയെ ആസ്പദമാക്കിയാണ് മത്സരം ഒരുക്കിയിരിക്കുന്നത്.

പ്രഥമ പതിപ്പിന് ലഭിച്ച വൻ സ്വീകാര്യതയ്ക്ക് പിന്നാലെയാണ് കൂടുതൽ ആകർഷകമായ രീതിയിൽ രണ്ടാം സീസൺ സംഘടിപ്പിക്കുന്നത്. 15 വയസ്സിന് മുകളിലുള്ള ബഹ്‌റൈൻ നിവാസികളായ ഏതൊരാൾക്കും മത്സരത്തിൽ പങ്കെടുക്കാം. മൂന്ന് പേർ അടങ്ങുന്ന ടീമുകളായാണ് രജിസ്റ്റർ ചെയ്യേണ്ടത്. മിക്സഡ് ടീമുകൾക്കും (സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന) അപേക്ഷിക്കാവുന്നതാണ്. രജിസ്ട്രേഷൻ സമയത്ത് സാധുവായ സി.പി.ആർ സമർപ്പിക്കേണ്ടതുണ്ട്.

ഒന്നാം സമ്മാനമായി 1,000 യു.എസ് ഡോളറും, രണ്ടാം സമ്മാനമായി 500 യു.എസ് ഡോളറും, മൂന്നാം സമ്മാനമായി 300 യു.എസ് ഡോളറും വിജയികൾക്ക് ലഭിക്കും. ഒരു ടീമിന് 15 ബഹ്‌റൈനി ദിനാറാണ് പ്രവേശന ഫീസ്. വനിതകൾ മാത്രം അടങ്ങുന്ന ടീമുകൾക്ക് പ്രത്യേക സമ്മാനവും നൽകും.

മത്സരത്തിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും പരിചരണവും നൽകുന്ന ഐ.എൽ.എയുടെ 'സ്‌നേഹ റീക്രിയേഷൻ സെന്ററിന്' നൽകുമെന്ന് സംഘാടകർ അറിയിച്ചു.

ഇന്ത്യ അൺപ്ലഗ്ഗ്ഡ് കേവലം ഒരു ക്വിസ് മത്സരം മാത്രമല്ലെന്നും, ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തെയും നേട്ടങ്ങളെയും അടുത്തറിയാനുള്ള അവസരമാണെന്നും ഐ.എൽ.എ പ്രസിഡന്റ് പറഞ്ഞു. പ്ലാറ്റിനം ജൂബിലി വേളയിൽ നടക്കുന്ന ഈ പരിപാടിയിൽ പങ്കാളികളാകുന്നതിലൂടെ സ്‌നേഹ സെന്ററിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാകാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 3222 7985 എന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.

article-image

dfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed