ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിലെ ഇന്ത്യയുടെ ചരിത്രനേട്ടങ്ങൾ വിശദീകരിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്


പ്രദീപ് പുറവങ്കര

മനാമ: മാതൃ-ശിശു ആരോഗ്യ സേവനങ്ങൾ, പ്രതിരോധ കുത്തിവെപ്പ്, പോഷകാഹാരം, സാമ്പത്തിക ആരോഗ്യ പരിരക്ഷ എന്നീ മേഖലകളിൽ ഇന്ത്യ സുപ്രധാന പുരോഗതി കൈവരിച്ചതായി ആറാമത് ദേശീയ കുടുംബാരോഗ്യ സർവേ (NFHS-6) റിപ്പോർട്ട് വ്യക്തമാക്കുന്നതായി ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2023-24 കാലയളവിൽ രാജ്യത്തെ 715 ജില്ലകളിലായി 6.79 ലക്ഷം കുടുംബങ്ങളെയും 7 ലക്ഷത്തിലധികം സ്ത്രീകളെയും ഉൾപ്പെടുത്തി നടത്തിയ വിപുലമായ സർവേയുടെ റിപ്പോർട്ട് കഴിഞ്ഞ മെയ് മാസത്തിലാണ് ഔദ്യോഗികമായി പുറത്തുവന്നത്. യൂണിവേഴ്‌സൽ ഹെൽത്ത് കവറേജ്, സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG) എന്നിവ കൈവരിക്കുന്നതിൽ ഇന്ത്യ വലിയ മുന്നേറ്റമാണ് ഇതിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്.

സർക്കാർ ധനസഹായത്തോടെ വിജയകരമായി മുന്നോട്ടുപോകുന്ന ‘ആയുഷ്മാൻ ഭാരത്–പ്രധാനമന്ത്രി ജനാരോഗ്യ യോജന’ പദ്ധതിയുടെ പ്രവർത്തനങ്ങളെയും സർവേ വിശദമായി വിലയിരുത്തുന്നുണ്ട്. സാധാരണക്കാർക്ക് മികച്ചതും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കുന്നതിലും വൻതോതിലുള്ള ചികിത്സാച്ചെലവുകളിൽ നിന്ന് അവർക്ക് ആവശ്യമായ സാമ്പത്തിക പരിരക്ഷ നൽകുന്നതിലും ഈ പദ്ധതി നിർണായക പങ്കുവഹിച്ചതായി റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു. രാജ്യവ്യാപകമായ വൈദ്യുതീകരണം, അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി, സ്ത്രീ ശാക്തീകരണത്തിലെ വലിയ മുന്നേറ്റം എന്നിവയാണ് റിപ്പോർട്ടിലെ മറ്റ് പ്രധാന കണ്ടെത്തലുകൾ. കൂടാതെ ജനസംഖ്യാ മാറ്റത്തിൽ സ്ഥിരത കൈവരിക്കാനും മാതൃ-ശിശു ആരോഗ്യ സൂചികകളിൽ ചരിത്രനേട്ടം സ്വന്തമാക്കാനും രാജ്യത്തിന് സാധിച്ചിട്ടുണ്ട്. ഡിജിറ്റൽ രംഗത്തെ ലിംഗപരമായ അന്തരം കുറഞ്ഞതായും ലിംഗാധിഷ്ഠിത അതിക്രമങ്ങളുമായി ബന്ധപ്പെട്ട സൂചികകളിൽ വലിയ പുരോഗതി രേഖപ്പെടുത്തിയതായും സർവേ വ്യക്തമാക്കുന്നു.

അതേസമയം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കാൻസർ, ഹൃദ്രോഗങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ രാജ്യത്ത് വർധിച്ചുവരുന്ന ഭീഷണി സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനായി രാജ്യവ്യാപകമായി രോഗനിർണയ പരിശോധനകളും തുടർചികിത്സാ സേവനങ്ങളും സർക്കാർ ഇതിനകം തന്നെ ഗണ്യമായി മെച്ചപ്പെടുത്തിക്കഴിഞ്ഞു. വരും നാളുകളിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക, പോഷകാഹാര നിലവാരം കൂടുതൽ മെച്ചപ്പെടുത്തുക, ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും മുൻഗണന നൽകുക എന്നിവയായിരിക്കും കേന്ദ്ര സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളെന്നും അംബാസഡർ വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.

article-image

dgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed