പി.എസ്.സി പരീക്ഷ ക്രമക്കേട്: റാങ്ക് പട്ടിക റദ്ദാക്കാൻ കമ്മീഷൻ തീരുമാനം


ഷീബ വിജയൻ

സംസ്ഥാന ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടിനെ തുടർന്ന് വിവാദമായ പി.എസ്‌.‌സി റാങ്ക് പട്ടിക പൂർണ്ണമായി റദ്ദാക്കാൻ കമ്മീഷൻ തീരുമാനിച്ചു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്ക് അനുസൃതമായി പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കുമെന്നും ഇതിന്റെ ഭാഗമായി പരീക്ഷ എഴുതിയ 228 ഉദ്യോഗാർത്ഥികളുടെയും ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം നടത്തുമെന്നും അധികൃതർ അറിയിച്ചു. പരീക്ഷാ ക്രമക്കേടിൽ പി.എസ്‌.സി വിപുലമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം ആഭ്യന്തര വിജിലൻസ് വിങ് ആണ് അന്വേഷിക്കുക. എസ്.പിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ അന്വേഷണത്തിലൂടെ സംഭവിച്ചത് വെറും അബദ്ധമാണോ അതോ ആസൂത്രിതമായ അട്ടിമറിയാണോ എന്ന് കണ്ടെത്തുമെന്ന് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് പി.എസ്.സി പരീക്ഷ മൂല്യനിർണയത്തിൽ വലിയ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നത്. ആസൂത്രണ ബോർഡിലെ അഡീഷണൽ സെക്രട്ടറിക്ക് തത്തുല്യമായ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിലാണ് അട്ടിമറി നടന്നതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. പരീക്ഷ എഴുതിയ പലരുടെയും ഉത്തരങ്ങൾ കൃത്യമായി പരിശോധിച്ചില്ലെന്നും ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധിച്ചപ്പോഴാണ് പല ചോദ്യങ്ങൾക്കും മാർക്ക് നൽകിയില്ലെന്ന് കണ്ടെത്തിയതെന്നും അവർ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് പി.എസ്.സി അതിവേഗത്തിലാണ് നിയമന ശുപാർശ നൽകിയത്. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ഇടത് അനുകൂല സംഘടനയിലെ പ്രമുഖ അംഗമാണെന്നും മറ്റ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് വെറും മൂന്ന് ആഴ്ചക്കുള്ളിലായിരുന്നു നിയമനം നടത്തിയത്. പിഴവുകൾ ഒന്നും തിരുത്താതെ അതിവേഗത്തിൽ നിയമന ശുപാർശ നൽകിയതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. സർക്കാരിന് നേരിട്ട് ഉപദേശം നൽകുന്ന ആസൂത്രണ ബോർഡിലെ ഇത്തരമൊരു ഉന്നത പദവിയിലേക്ക് വഴിവിട്ട നിയമനം നടത്തിയത് വലിയ വിവാദമായിട്ടുണ്ട്. ഒരു ഒഴിവ് മാത്രമുള്ള പദവിയിലേക്കാണ് ഈ എഴുത്ത് പരീക്ഷ നടത്തിയത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് മാർക്ക് വ്യക്തമാക്കാതെയാണെന്നും അഭിമുഖത്തിലും എഴുത്ത് പരീക്ഷയിലും കിട്ടിയ മാർക്കുകൾ ഉദ്യോഗാർത്ഥികളിൽ നിന്ന് മറച്ചുവെച്ചുവെന്നും പരാതിയിലുണ്ട്. പരീക്ഷയിൽ 100 മാർക്കിന്റെ രണ്ട് പേപ്പറുകളാണ് ഉണ്ടായിരുന്നത്, അതിൽ രണ്ടാം പേപ്പറിലാണ് വലിയ ക്രമക്കേട് നടന്നത്. രണ്ടാം പേപ്പറിൽ ആകെ 28 ചോദ്യങ്ങളുണ്ടായിരുന്നു. ഒരു ഉദ്യോഗാർത്ഥി ഉത്തരക്കടലാസ് പരിശോധിച്ചപ്പോൾ ഒമ്പത് മുതൽ 19 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക് മാർക്ക് നൽകിയില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് അട്ടിമറി സംശയം ശക്തമായത്. ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷ നൽകിയവരെ ഒരു വർഷത്തോളമാണ് പി.എസ്.സി വട്ടം കറക്കിയത്. വിവരാവകാശ നിയമപ്രകാരവും ഉത്തരക്കടലാസ് നൽകാൻ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ഉദ്യോഗാർത്ഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. പരാതിയിൽ മൂന്ന് ആഴ്ചക്കുള്ളിൽ കൃത്യമായ മറുപടി നൽകാൻ പി.എസ്.സിക്ക് ട്രൈബ്യൂണൽ കർശന നിർദേശം നൽകിയിട്ടുണ്ട്.

article-image

asdweqsws

You might also like

  • Lulu Exchange
  • Straight Forward

Most Viewed