ബഹ്‌റൈനിൽ കനം കുറഞ്ഞ ഒറ്റത്തവണ പ്ലാസ്റ്റിക് ബാഗുകൾക്ക് കർശന നിരോധനം ഏർപ്പെടുത്തി വാണിജ്യ-വ്യവസായ മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് വാണിജ്യ-വ്യവസായ മന്ത്രാലയം കർശന നിരോധനം ഏർപ്പെടുത്തി. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനും സുസ്ഥിരമായ മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിർണായക നടപടികളുടെ ഭാഗമായാണ് ഈ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം 57 മൈക്രോണിൽ താഴെ കനമുള്ള പ്ലാസ്റ്റിക് ബാഗുകൾ, പഴവർഗങ്ങൾക്കും പച്ചക്കറികൾക്കുമായി സാധാരണയായി ഉപയോഗിക്കുന്ന കനം കുറഞ്ഞ ബാഗുകൾ എന്നിവയുടെ നിർമ്മാണവും ഇറക്കുമതിയും വിതരണവും ഇനി ഒരുതരത്തിലും രാജ്യത്ത് അനുവദിക്കില്ല. ഇത്തരം ഒറ്റത്തവണ ബാഗുകൾക്ക് പകരമായി 57 മൈക്രോണിൽ കൂടുതൽ കനമുള്ള പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ, പേപ്പർ ബാഗുകൾ, തുണി സഞ്ചികൾ, പൂർണ്ണമായും മണ്ണിൽ ലയിച്ചുചേരുന്ന ബയോഡീഗ്രേഡബിൾ ബാഗുകൾ എന്നിവ ഉപയോഗിക്കാൻ മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

പുതിയ നിയമം പൊതുജനങ്ങൾക്കിടയിലും വ്യാപാരികൾക്കിടയിലും കൃത്യമായി എത്തിക്കുന്നതിനും ബോധവൽക്കരണം നടത്തുന്നതിനുമായി മന്ത്രാലയം പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, മാലിന്യ നിർമാർജനത്തിനായുള്ള ബാഗുകൾ, ആശുപത്രികളിൽ ഉപയോഗിക്കുന്ന മെഡിക്കൽ മാലിന്യ ബാഗുകൾ, മരുന്നുകൾക്കും ഭക്ഷണ സാധനങ്ങൾക്കുമായുള്ള പ്രത്യേക പാക്കേജിംഗ് സൗകര്യങ്ങൾ, കയറ്റുമതി ആവശ്യങ്ങൾക്കായുള്ളവ എന്നിവയെ ഈ നിരോധനത്തിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള പ്ലാസ്റ്റിക് സ്റ്റോക്കുകൾ പൂർണ്ണമായും തീർക്കുന്നതിനും പുതിയ സുസ്ഥിര മാനദണ്ഡങ്ങൾ പാലിക്കുന്നതിനും വ്യാപാരികൾക്ക് മന്ത്രാലയം ആവശ്യമായ സാവകാശം നൽകിയിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതി സൗഹൃദമായ ബദലുകളിലേക്ക് പൂർണ്ണമായി മാറാൻ വ്യാപാരികളും ഉപഭോക്താക്കളും ഒരുപോലെ തയ്യാറാകണമെന്ന് അധികൃതർ പ്രത്യേകം അഭ്യർത്ഥിച്ചു.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed