ഒമാൻ തീരത്തെ യു.എസ് ആക്രമണം: രണ്ട് ഇന്ത്യൻ നാവികരുടെ മരണം സ്ഥിരീകരിച്ചു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഷീബ വിജയൻ
ഒമാൻ ഉൾക്കടലിൽ വാണിജ്യ കപ്പലിന് നേരെയുണ്ടായ യു.എസ് ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായും ചീഫ് എഞ്ചിനീയറെ കാണാതായതായും ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) സ്ഥിരീകരിച്ചു. പലാവു പതാകയേന്തിയ 'എം.ടി സെറ്റെബെല്ലോ' എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഈ കപ്പൽ അമേരിക്കയുടെ ഉപരോധ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. കപ്പലിലെ നാവികരുടെ ദേശീയതയെക്കുറിച്ച് യു.എസ് നാവികസേനയ്ക്ക് കൃത്യമായ വിവരമുണ്ടായിരുന്നുവെന്നും, നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കപ്പൽ കസ്റ്റഡിയിലെടുക്കുക എന്ന മാർഗ്ഗം സ്വീകരിക്കാമായിരുന്നുവെന്നും എഫ്.എസ്.യു.ഐ ആരോപിച്ചു. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഇന്ത്യ, ന്യൂഡൽഹിയിലെ മുതിർന്ന യു.എസ് നയതന്ത്രജ്ഞൻ ജേസൺ മീക്സിനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. യു.എസ് അംബാസഡർ സെർജിയോ ഗോർ നിലവിൽ രാജ്യത്തില്ലാത്തതിനാലാണ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തിയത്.
assas

