ബഹ്റൈൻ പാർലമെന്റിൽ നാടകീയ നീക്കം: മൂന്ന് എംപിമാരെ പുറത്താക്കി; അംഗത്വം റദ്ദാക്കിയത് ഭരണഘടനാ ലംഘനം ആരോപിച്ച്
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ പാർലമെന്റിലെ മൂന്ന് അംഗങ്ങളെ ഔദ്യോഗിക പദവികളിൽ നിന്ന് പുറത്താക്കാൻ പാർലമെന്റ് തീരുമാനിച്ചു. എംപിമാരായ അബ്ദുൽനബി സൽമാൻ, മംദൂഹ് അൽ സാലിഹ്, മെഹ്ദി അൽ ഷുവൈഖ് എന്നിവരുടെ അംഗത്വമാണ് ഇന്നലെ നടന്ന വോട്ടെടുപ്പിലൂടെ റദ്ദാക്കിയത്. സഭയുടെ പ്രതിവാര സെഷന്റെ തുടക്കത്തിൽ നടന്ന റോൾ-കോൾ വോട്ടെടുപ്പിന് ശേഷം സ്പീക്കർ അഹമ്മദ് അൽ മുസല്ലം മൂന്ന് സീറ്റുകളും ഒഴിഞ്ഞതായി പ്രഖ്യാപിച്ചു.
ലെജിസ്ലേറ്റീവ് ആന്റ് ലീഗൽ അഫയേഴ്സ് കമ്മിറ്റി സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഏപ്രിൽ 28-ന് നടന്ന ചർച്ചയ്ക്കിടെ എംപിമാർ പാർലമെന്ററി ചുമതലകൾ ലംഘിച്ചുവെന്നും പൗരന്മാരെ പ്രതിനിധീകരിക്കുന്നതിന്റെ അന്തസ്സിന് ഭംഗം വരുത്തിയെന്നും ആരോപിച്ച് 37 എംപിമാർ നൽകിയ അപേക്ഷയെത്തുടർന്നാണ് നീക്കം.
ജുഡീഷ്യൽ അതോറിറ്റി നിയമത്തിലെ ഭേദഗതികളുമായി ബന്ധപ്പെട്ട ചർച്ചകളാണ് വിവാദങ്ങൾക്ക് കാരണമായത്. ബഹ്റൈന് നേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങളെ പ്രകീർത്തിച്ചവർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികളെ മൂന്ന് എംപിമാരും വിമർശിച്ചിരുന്നു. ഈ നിലപാട് പാർലമെന്ററി സത്യപ്രതിജ്ഞയ്ക്കും ദേശീയ ഉത്തരവാദിത്തങ്ങൾക്കും വിരുദ്ധമാണെന്ന് കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവർക്കൊപ്പം നിൽക്കുന്നവരെ അപലപിച്ച് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവ് നടത്തിയ പരാമർശങ്ങളും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
ബഹ്റൈൻ ഭരണഘടനയുടെ 99-ാം അനുച്ഛേദം അനുസരിച്ച്, ഒരു അംഗത്തിന് വിശ്വാസ്യത നഷ്ടപ്പെടുകയോ ഔദ്യോഗിക ചുമതലകളിൽ വീഴ്ച വരുത്തുകയോ ചെയ്താൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗത്വം റദ്ദാക്കാൻ പാർലമെന്റിന് അധികാരമുണ്ട്. നിയമസഭാ സമിതി മെയ് 4-ന് മൂന്ന് എംപിമാരുടെയും പ്രതിരോധം കേട്ട ശേഷമാണ് ഏകകണ്ഠമായി പുറത്താക്കൽ ശുപാർശ നൽകിയത്. വോട്ടെടുപ്പ് സമയത്ത് എംപി ഹനാൻ ഫർദാൻ സഭയിൽ ഹാജരായിരുന്നില്ല.

