മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരണസംഖ്യ 14 ആയി; ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
ഷീബ വിജയൻ I കേരളം
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ കൂടി മരണപ്പെട്ടതോടെ ആകെ മരണസംഖ്യ പതിനാലായി ഉയർന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിൽ തുടരുന്നതിനിടെയാണ് പ്രവീൺ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കായിരിക്കും അന്വേഷണ ചുമതല.
ഇന്ന് ചേർന്ന ഓൺലൈൻ മന്ത്രിസഭാ യോഗം അപകടത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കാൻ ദുരന്തനിവാരണ അതോറിറ്റിക്ക് നിർദ്ദേശം നൽകി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ബാക്കി 4 ലക്ഷം രൂപ എസ്.ഡി.ആർ.എഫിൽ നിന്നുമാണ് അനുവദിക്കുക. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകാനും യോഗം തീരുമാനിച്ചു.
പരിക്കേറ്റവരുടെ ആറുമാസത്തെ ചികിത്സാ ചെലവുകൾ പൂർണ്ണമായും സർക്കാർ വഹിക്കും. ദീർഘകാല ചികിത്സ ആവശ്യമുള്ളവർക്ക് മെഡിക്കൽ ബോർഡിന്റെ ശുപാർശ പ്രകാരം സ്വകാര്യ ആശുപത്രികളിലെ ചെലവും ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും. അപകടത്തെക്കുറിച്ച് ആദ്യം പ്രഖ്യാപിച്ചിരുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന് പകരമായാണ് ഇപ്പോൾ ഹൈക്കോടതി റിട്ടയർഡ് ജസ്റ്റിസിനെ തന്നെ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
അപകടം നടന്ന പ്രദേശത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തുമെന്നും തകർന്ന നിർമ്മിതികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രിമാരായ കെ. രാജനും വി.എൻ. വാസവനും അറിയിച്ചു. ദുരന്തബാധിതരെ സഹായിക്കാനും അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
gdsgd



