ഭജനയ്‌ക്കിടെ ക്രിസ്തീയ ഗാനം: വിവാദങ്ങളെ തള്ളി ക്ഷേത്രക്കമ്മിറ്റി; 'സൗഹാർദ്ദം തകർക്കരുത്'
ഷീബ വിജയൻ I കേരളം
കോട്ടയം നട്ടാശ്ശേരി വേമ്പിൻകുളങ്ങര ക്ഷേത്രത്തിൽ നടന്ന ഭജൻസ് പ്രോഗ്രാമിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങളെ തള്ളി ക്ഷേത്രക്കമ്മിറ്റി രംഗത്തെത്തി. എല്ലാ മതവിഭാഗങ്ങളും ഒത്തൊരുമയോടെ കഴിയുന്ന നാട്ടിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി മതസൗഹാർദ്ദം തകർക്കരുതെന്ന് ക്ഷേത്രക്കമ്മിറ്റി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഉൾപ്പെടെയുള്ളവർ ഭജൻസ് ടീമിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് ക്ഷേത്രക്കമ്മിറ്റി കൺവീനർ നിലപാട് വ്യക്തമാക്കിയത്.
ക്ഷേത്ര പുനർനിർമ്മാണം നടക്കുന്നതിനാൽ മതിൽക്കെട്ടിന് പുറത്ത് ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു പരിപാടി നടന്നതെന്നും ഇത് സൗജന്യമായാണ് ഭജൻസ് ടീം അവതരിപ്പിച്ചതെന്നും കമ്മിറ്റി അറിയിച്ചു. ജാതിമത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും സഹകരിച്ചാണ് ക്ഷേത്രത്തിലെ ആഘോഷങ്ങൾ നടക്കാറുള്ളത്. ദേശവിളക്കിനും താലപ്പൊലിക്കും പ്രദേശത്തെ ക്രൈസ്തവ വിശ്വാസികളും സജീവമായി പങ്കുചേരാറുണ്ട്.
ഗായകനായ നവീൻ പഠിച്ചതും വളർന്നതും ഇവിടുത്തെ പള്ളി സ്കൂളിലാണെന്നും അദ്ദേഹത്തെ പഠിപ്പിച്ച അധ്യാപകരും സുഹൃത്തുക്കളും ഉൾപ്പെടെയുള്ള വലിയൊരു ജനവിഭാഗം പ്രോഗ്രാം കേൾക്കാൻ എത്തിയിരുന്നുവെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ആ സാഹചര്യത്തിൽ അത്തരമൊരു ഗാനം ആലപിച്ചതിൽ തെറ്റില്ലെന്നും അത് വലിയ അപരാധമായി കാണുന്നില്ലെന്നും വ്യക്തമാക്കിയ കമ്മിറ്റി, നാടിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവർ ഇത്തരം വിവാദങ്ങളിൽ നിന്ന് പിന്മാറണമെന്നും അഭ്യർത്ഥിച്ചു.
േിേി



