ഐശ്വര്യത്തിന്റെ പൊൻപുലരി; ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു
ഷീബ വിജയൻ I കേരളം
തിരുവനന്തപുരം: കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓർമ്മകൾ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വരും വർഷം മുഴുവൻ നീണ്ടുനിൽക്കേണ്ട നന്മകളുടെയും സമൃദ്ധിയുടെയും പ്രതീക്ഷകളുമായാണ് ഓരോ മലയാളിയും ഇന്ന് വിഷുപ്പുലരിയിലേക്ക് കണ്ണ് തുറന്നത്. വീടുകളിൽ പുലർച്ചെ തന്നെ ഒരുക്കിയ വിഷുക്കണി കണ്ടുണർന്ന മലയാളികൾ മുതിർന്നവരിൽ നിന്ന് കൈനീട്ടം സ്വീകരിച്ചും പടക്കങ്ങൾ പൊട്ടിച്ചും ആഘോഷങ്ങളിൽ പങ്കുചേർന്നു.
സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം അതീവ ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് വിഷുക്കണി ദർശനം നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ മുതൽ കണ്ണനെ കണികണ്ടുണരാൻ ഭക്തജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ശബരിമല ദർശനത്തിനെത്തിയ ആയിരക്കണക്കിന് തീർത്ഥാടകർക്കും ദർശന പുണ്യമായി വിഷുക്കണി ഒരുക്കിയിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിലും ചോറ്റാനിക്കരയിലും ഉൾപ്പെടെയുള്ള പ്രധാന ആരാധനാലയങ്ങളെല്ലാം ഭക്തജനത്തിരക്കിൽ അമർന്നു.
കാർഷിക സംസ്കാരത്തിന്റെ പൈതൃകം വിളിച്ചോതുന്ന ചടങ്ങുകളും വിഭവസമൃദ്ധമായ വിഷുസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ജാതിമത ഭേദമന്യേ മലയാളികൾ ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഈ ദിനം വരാനിരിക്കുന്ന ഒരു നല്ല കാലത്തിന്റെ തുടക്കമായാണ് വിശ്വസിക്കപ്പെടുന്നത്.
aa




