വയനാട് തുരങ്കപ്പാത: പരിസ്ഥിതി സമിതിയുടെ അപ്പീൽ സുപ്രീംകോടതി തള്ളി; പദ്ധതി സംസ്ഥാനത്തിന്റെ 'ജീവരേഖ'യെന്ന് നിരീക്ഷണം


ഷീബ വിജയൻ I കേരളം

ന്യൂഡൽഹി: വയനാട് തുരങ്കപ്പാത നിർമ്മാണത്തിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. തുരങ്കപ്പാത പദ്ധതി കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും സംസ്ഥാനത്തിന്റെ 'ജീവരേഖ' (Lifeline) എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചാണ് ഹൈക്കോടതി നേരത്തെ തീരുമാനമെടുത്തതെന്നും അതിൽ ഇടപെടാൻ കാരണങ്ങളൊന്നുമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മതിയായ പാരിസ്ഥിതിക അനുമതികളില്ലാതെയാണ് നിർമ്മാണോദ്ഘാടനം നടത്തിയതെന്ന് ആരോപിച്ചാണ് പരിസ്ഥിതി സമിതി കോടതിയെ സമീപിച്ചത്. പദ്ധതി സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി നിരാകരിച്ചു.

പദ്ധതിയെക്കുറിച്ച് സാധാരണക്കാരല്ല, മറിച്ച് വിദഗ്ധരാണ് അഭിപ്രായം പറയേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കാത്ത രീതിയിലാണ് തുരങ്കം നിർമ്മിക്കുന്നതെന്ന കേന്ദ്ര സർക്കാരിന്റെയും വിദഗ്ധ സമിതികളുടെയും റിപ്പോർട്ടുകൾ കോടതി കണക്കിലെടുത്തു. ഇത്തരം വൻകിട പദ്ധതികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് അനുമതി നൽകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

വയനാട് മേഖലയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, നിബന്ധനകൾ പാലിക്കുന്നില്ലെന്ന് പരാതിയുണ്ടെങ്കിൽ ഹർജിക്കാർക്ക് ചെന്നൈയിലെ നാഷണൽ ഗ്രീൻ ട്രിബ്യൂണലിനെ സമീപിക്കാവുന്നതാണെന്നും നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ മുൻ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള ഈ വിധി തുരങ്കപ്പാത നിർമ്മാണത്തിന് വലിയ ആശ്വാസമാകും.

article-image

qswaswqwqw

You might also like

  • NEC

Most Viewed