എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ 'ലൗ ജിഹാദ്' നടപ്പാക്കും; വിവാദ പ്രസംഗവുമായി പി.കെ. കൃഷ്ണദാസ്
ഷീബ വിജയൻ I കേരളം
കാട്ടാക്കട: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ പി.കെ. കൃഷ്ണദാസ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പൊതുസമ്മേളനത്തിലാണ് കേരളത്തിലെ പ്രമുഖ മുന്നണികൾക്കെതിരെ അദ്ദേഹം വിവാദ പരാമർശങ്ങൾ നടത്തിയത്. എൽഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് 'ലൗ ജിഹാദ്' നടപ്പാക്കുമെന്നാണ് കൃഷ്ണദാസിന്റെ ആരോപണം.
മാർക്‌സിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസിന്റെയും സർക്കാരുകളെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പാക് അനുകൂല സംഘടനകളുമായി ചേർന്നാണ് ഇരുമുന്നണികളും പ്രവർത്തിക്കുന്നത്. ഇതിന്റെ ഫലമായി ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് ലൗ ജിഹാദിലൂടെ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈപ്പത്തിക്കോ അരിവാൾ ചുറ്റിക നക്ഷത്രത്തിനോ വോട്ട് ചെയ്യുന്നത് ഈ അപകടകരമായ സാഹചര്യത്തിന് വഴിവെക്കുമെന്നും വോട്ടർമാർ കൃത്യമായി ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യവിരുദ്ധ സംഘടനകളുമായുള്ള ഇടത്-വലത് മുന്നണികളുടെ സഖ്യം കേരളത്തെ വലിയ അപകടത്തിലേക്കാണ് നയിക്കുന്നതെന്ന് പി.കെ. കൃഷ്ണദാസ് തന്റെ പ്രസംഗത്തിൽ ആവർത്തിച്ചു.
werdeerd
