പീഡന പരാതി വ്യാജമെന്ന് രഞ്ജിത്ത്; അറസ്റ്റ് കൃത്യമായ തെളിവുകളോടെയെന്ന് പൊലീസ്
ഷീബ വിജയൻ
തനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതി അടിസ്ഥാനരഹിതമാണെന്ന് സംവിധായകൻ രഞ്ജിത്ത് കോടതിയിൽ ബോധിപ്പിച്ചു. ജാമ്യാപേക്ഷയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരിയിൽ നടന്നുവെന്ന് പറയുന്ന സംഭവത്തിൽ രണ്ട് മാസത്തിന് ശേഷമാണ് പരാതി നൽകിയതെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. സ്വന്തം ആരോഗ്യനിലയും അറസ്റ്റ് നടപടികളിലെ പിഴവുകളും അദ്ദേഹം കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
അതേസമയം, പീഡന പരാതിയിൽ അന്വേഷണം നടക്കുന്നത് അറിഞ്ഞ് രഞ്ജിത്ത് ഒളിവില്‍ പോകാൻ ശ്രമിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. ഒരു നടന്റെ കാറിൽ സംസ്ഥാനം വിടാൻ ശ്രമിക്കവെ രാത്രി റോഡിൽ വാഹനം തടഞ്ഞാണ് പൊലീസ് അദ്ദേഹത്തെ പിടികൂടിയത്. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായും കൃത്യമായ തെളിവുകളോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും കമ്മീഷണർ അറിയിച്ചു.
പരാതി നൽകിയ യുവനടി അതിഭീകരമായ മാനസികാഘാതത്തിലായിരുന്നുവെന്നും കൗൺസിലിംഗിന് ശേഷമാണ് മൊഴിയെടുത്തതെന്നും പൊലീസ് പറഞ്ഞു. ഷൂട്ടിങ് സെറ്റിൽ നടന്ന സംഭവത്തിന് സാക്ഷികളുണ്ടെന്നും പരാതിക്കാരി കരഞ്ഞുകൊണ്ട് പുറത്തുവന്നപ്പോൾ അവിടെയുള്ളവർ സമാധാനിപ്പിച്ചിരുന്നതായും കമ്മീഷണർ കൂട്ടിച്ചേർത്തു. രഞ്ജിത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും അദ്ദേഹത്തെ രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരെ നടപടി സ്വീകരിക്കുന്നത് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
adsadsadsas
