ബഹ്റൈനിൽ ഹിസ്ബുള്ള ഭീകരസെൽ പിടിയിൽ; മൂന്ന് യുവാക്കൾ അറസ്റ്റിൽ, ലക്ഷ്യമിട്ടത് രാജ്യ സുരക്ഷ അട്ടിമറിക്കാൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ലബനീസ് ഹിസ്ബുള്ളയുമായി ചേർന്ന് ബഹ്റൈനിൽ ഭീകരപ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ട മൂന്നംഗ സംഘത്തെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് 24 വയസ്സുകാരനായ അഹമ്മദ് അഹമ്മദ് ഹുസൈൻ മദൻ, 22 വയസ്സുകാരനായ ഹസ്സൻ അബ്ദുൽ അമീർ ആശൂർ, 29 വയസ്സുകാരനായ മുൻതദർ അബ്ദുൽ മുഹ്സിൻ അലി മദൻ എന്നിവർ വലയിലായത്.
അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ വിവരങ്ങളാണ് സുരക്ഷാ ഏജൻസികൾക്ക് ലഭിച്ചത്. ലബനൻ സന്ദർശിച്ച വേളയിൽ ഇവർ ഹിസ്ബുള്ള അംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടുകയും ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം നേടുകയും ചെയ്തിട്ടുണ്ട്. ബഹ്റൈനിലെ സുപ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ഇവർ ഹിസ്ബുള്ള നേതൃത്വത്തിന് കൈമാറിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ഇറാന്റെ താൽപ്പര്യങ്ങൾക്കനുസൃതമായി രാജ്യത്തിന്റെ പരമാധികാരത്തെ തകർക്കാനായിരുന്നു ഇവരുടെ നീക്കം.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കുകയും ആ തുക ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് കടത്തുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഭീതി പടർത്താനും സുരക്ഷാ സംവിധാനങ്ങളെ അട്ടിമറിക്കാനും ലക്ഷ്യമിട്ടാണ് ഈ സെൽ പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
dfrsdf


