ഹോർമുസ് കടലിടുക്ക് തുറന്നുതന്നെ; 'ശത്രുരാജ്യങ്ങളുടെ' കപ്പലുകൾക്ക് വിലക്കെന്ന് ഇറാൻ
പ്രദീപ് പുറവങ്കര
ലണ്ടൻ: ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് എല്ലാ കപ്പലുകൾക്കും തുറന്നുനൽകുമെന്ന് ഇറാൻ. എന്നാൽ ഇറാൻ്റെ ശത്രുരാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഈ പാതയിലൂടെ പ്രവേശനം അനുവദിക്കില്ലെന്നും യുഎൻ മാരിടൈം ഏജൻസിയിലെ ഇറാൻ പ്രതിനിധി അലി മൂസവി വ്യക്തമാക്കി. ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ പൂർണ്ണമായി തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം. നിലവിൽ യുഎസ് - ഇസ്രായേൽ നീക്കങ്ങളെത്തുടർന്ന് ഭൂരിഭാഗം കപ്പലുകളും ഈ പാത ഒഴിവാക്കിയ സാഹചര്യത്തിൽ ലോകത്ത് വലിയ ഇന്ധന പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾക്കിടയിലാണ് ഇറാന്റെ വിശദീകരണം.
അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനുമായി (IMO) സഹകരിച്ച് മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ ഇറാൻ സന്നദ്ധമാണെന്നും മൂസവി പറഞ്ഞു. ഇറാൻ്റെ ശത്രുക്കളല്ലാത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ടെഹ്റാനുമായി സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് കടലിടുക്കിലൂടെ കടന്നുപോകാം. നയതന്ത്ര ചർച്ചകൾക്കാണ് ഇറാൻ മുൻഗണന നൽകുന്നതെന്നും എന്നാൽ ഇസ്രായേലിന്റെയും യുഎസിന്റെയും ആക്രമണങ്ങളാണ് ഹോർമുസ് കടലിടുക്കിലെ നിലവിലെ അസ്ഥിരതയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
deqwadeqwewqda



