ഇസ്രായേൽ - ഇറാൻ സംഘർഷം: മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ 135 പേർക്ക് പരിക്ക്; തെഹ്‌റാനിൽ തിരിച്ചടിച്ച് ഇസ്രായേൽ
പ്രദീപ് പുറവങ്കര
തെൽ അവീവ്: തെക്കൻ ഇസ്രായേലിലെ പ്രമുഖ നഗരങ്ങളായ അരാദ് (Arad), ഡിമോണ (Dimona) എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ രണ്ട് മിസൈൽ ആക്രമണങ്ങളിൽ ഏകദേശം 135 പേർക്ക് പരിക്കേറ്റതായി ഇസ്രായേലി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
ഇറാനിൽ നിന്ന് ഇസ്രായേൽ ലക്ഷ്യമാക്കി മിസൈലുകൾ വിക്ഷേപിച്ചതായും പ്രതിരോധ സംവിധാനങ്ങൾ ഇവയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഹോം ഫ്രണ്ട് കമാൻഡ് ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് മൊബൈൽ ഫോണുകൾ വഴി അടിയന്തര സന്ദേശം അയച്ചിട്ടുണ്ട്. പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു.
മധ്യ ഇസ്രായേലിലെ തകർന്ന പ്രദേശങ്ങളിൽ ഹോം ഫ്രണ്ട് കമാൻഡിന്റെ തിരച്ചിൽ-രക്ഷാപ്രവർത്തന സംഘങ്ങൾ എത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളിൽ ജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് സൈന്യം നിർദ്ദേശിച്ചു. സൈറൺ മുഴങ്ങുമ്പോൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും അടുത്ത നിർദ്ദേശം ലഭിക്കുന്നത് വരെ അവിടെ തുടരണമെന്നും അധികൃതർ വ്യക്തമാക്കി.
മിസൈൽ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ സൈന്യം ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ശക്തമായ വ്യോമാക്രമണം ആരംഭിച്ചു.
defsdsaadsads



