ഇന്ത്യയിൽ ഇന്ധനക്ഷാമം ഉണ്ടാകില്ല; ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ
ഷീബ വിജയൻ
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിലും രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യതയിൽ കുറവുണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുമെന്ന വിലയിരുത്തലുകൾക്കിടെയാണ് കേന്ദ്രത്തിന്റെ ഈ ആശ്വാസകരമായ അറിയിപ്പ്.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉൽപ്പന്നങ്ങളുടെ 40 ശതമാനം മാത്രമാണ് ഹോർമുസ് കടലിടുക്ക് വഴി എത്തുന്നത്. ബാക്കി 60 ശതമാനം ഇന്ധനവും മറ്റ് പാതകൾ വഴിയാണ് രാജ്യത്തെത്തുന്നത് എന്നതിനാൽ നിലവിലെ തടസ്സങ്ങൾ ഇന്ത്യയെ കാര്യമായി ബാധിക്കില്ല. കൂടാതെ, രാജ്യത്തിന് മൂന്ന് മുതൽ നാല് ആഴ്ച വരെ ആവശ്യമുള്ള ഇന്ധനം നിലവിൽ സംഭരിച്ചുവെച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
യുഎസ്-ഇസ്രായേൽ സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനയി കൊല്ലപ്പെട്ടതോടെയാണ് മേഖലയിൽ സംഘർഷം അതിരൂക്ഷമായത്. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴി ചരക്ക് ഗതാഗതം ഇറാൻ നിരോധിച്ചിരുന്നു. ഇത് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില കുത്തനെ ഉയരാൻ കാരണമായെങ്കിലും ഇന്ത്യയിൽ അനിയന്ത്രിതമായ വിലക്കയറ്റം ഉണ്ടാകില്ലെന്നാണ് സർക്കാർ വാദം.
റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി അവസാനിപ്പിക്കാൻ അമേരിക്കയുമായി ധാരണയുണ്ടായിരുന്നെങ്കിലും ഇന്ത്യ ഇപ്പോഴും റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഇത് രാജ്യത്തെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
sadsds


