ഷാർജയുടെ ചരിത്രനേട്ടം: നാല് പുരാവസ്തു കേന്ദ്രങ്ങൾ കൂടി ഇസ്കോ (ICESCO) പൈതൃക പട്ടികയിൽ
ശാരിക l ഗൾഫ്
ഷാർജയിലെ നാല് പ്രധാന പുരാവസ്തു കേന്ദ്രങ്ങൾ ഇസ്‌ലാമിക് വേൾഡ് എജുക്കേഷനൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (ഐസെസ്കോ - ICESCO) പൈതൃക പട്ടികയിൽ ഇടംപിടിച്ചതായി ഷാർജ പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ചു. വാദി അൽ ഹെലു, അൽ ഫായ, അൽ നഹ്‌വ, ഖോർഫക്കാനിലെ കോട്ടകളും ഗോപുരങ്ങളും എന്നിവയാണ് പുതുതായി പട്ടികയിൽ ഉൾപ്പെട്ടത്. ഇതോടെ ഐസെസ്കോയുടെ ഇസ്‌ലാമിക് വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ ഉൾപ്പെട്ട ഷാർജ സൈറ്റുകളുടെ എണ്ണം പത്തായി ഉയർന്നു.
ഷാർജയുടെ പൈതൃക സംരക്ഷണത്തിനും സാംസ്കാരിക പൈതൃകത്തെ ആഗോളതലത്തിൽ പ്രദർശിപ്പിക്കാനുമുള്ള ശ്രമങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണിതെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടർ ജനറൽ ഈസ യൂസഫ് വ്യക്തമാക്കി. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പിന്തുണയും കാഴ്ചപ്പാടുമാണ് ഈ നേട്ടത്തിന് അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹജർ മലനിരകളിൽ സ്ഥിതിചെയ്യുന്ന വാദി അൽ ഹെലു, ബ്രോൺസ് യുഗത്തിൽ തെക്കുകിഴക്കൻ അറേബ്യയിലെ പ്രധാന ഖനന ഉരുക്കൽ കേന്ദ്രമായിരുന്നു. ഇവിടെ കണ്ടെത്തിയ ഖനന അവശിഷ്ടങ്ങളും ഉരുക്കുചൂളകളും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള ലോഹസംസ്കരണ പ്രവർത്തനങ്ങളുടെ തെളിവുകളാണ്. അൽ ഫായ ഭൂപ്രദേശം 2,10,000 മുതൽ 6,000 വർഷം വരെ പഴക്കമുള്ള മനുഷ്യവാസത്തിന്റെ തെളിവുകൾ ലഭിച്ച ആഗോള പ്രാധാന്യമുള്ള കേന്ദ്രമാണ്.
പർവത പ്രദേശത്തുള്ള അൽ നഹ്‌വ ചരിത്രപ്രദേശത്ത് പുരാതന കല്ലുകൊണ്ടുള്ള വീടുകൾ, പള്ളി, ഖബറിസ്ഥാൻ, കാവൽ ഗോപുരങ്ങൾ, പാറചിത്രങ്ങൾ എന്നിവ കണ്ടെടുത്തിരുന്നു. ഖോർഫക്കാനിലെ കോട്ടകളും ഗോപുരങ്ങളും നഗരത്തെയും പ്രകൃതിദത്ത തുറമുഖത്തെയും സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത പ്രതിരോധ സംവിധാനങ്ങളായിരുന്നു. കടൽ, കര വ്യാപാര മാർഗങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്ന തന്ത്രപ്രധാനമായ സ്ഥാനങ്ങളിലായിരുന്നു ഇവ നിർമ്മിച്ചിരുന്നത്.
േ്ിേ്ി


