ആഗ്രഹിച്ചിരുന്നുവെങ്കിൽ പത്മഭൂഷൺ പോലുള്ള ബഹുമതികൾ ഇതിനുമുമ്പേ ലഭിക്കുമായിരുന്നു: സുകുമാരൻ നായർ
ശാരിക l കേരളം l തിരുവനന്തപുരം
തിരുവനന്തപുരം: എസ്.എൻ.ഡി.പിയുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻ.എസ്.എസ് പിന്മാറിയത് രാഷ്ട്രീയ ഇടപെടലുകൾ ബോധ്യപ്പെട്ടതുകൊണ്ടാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ലഭിച്ചതിനെക്കുറിച്ച് പ്രതികരിക്കവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. താൻ ആഗ്രഹിച്ചിരുന്നുവെങ്കിൽ പത്മഭൂഷൺ പോലുള്ള ബഹുമതികൾ ഇതിനുമുമ്പേ ലഭിക്കുമായിരുന്നുവെന്നും, വെള്ളാപ്പള്ളിക്ക് പുരസ്കാരം ലഭിച്ചതിൽ തനിക്ക് ആക്ഷേപമില്ലെന്നും അർഹതയുള്ളവർ അത് വാങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പിയുമായുള്ള ഐക്യ ചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളി വരാമെന്ന് അറിയിച്ചിരുന്നു. എന്നാൽ എൻ.ഡി.എയുമായി ബന്ധമുള്ള ഒരാൾ ഇത്തരം ചർച്ചകൾക്ക് മുൻകൈ എടുക്കുന്നത് ഐക്യനീക്കത്തെ രാഷ്ട്രീയവൽക്കരിക്കുമെന്ന് താൻ കരുതി. ഇക്കാര്യം തുഷാറിനെ അറിയിക്കുകയും വരേണ്ടതില്ലെന്ന് നിർദ്ദേശിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ പ്രഖ്യാപിച്ചതോടെ ഈ നീക്കങ്ങളിൽ അസ്വാഭാവികതയുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായി. ഈ സാഹചര്യത്തിലാണ് ഐക്യനീക്കം വേണ്ടെന്നുവെക്കാൻ എൻ.എസ്.എസ് ഡയറക്ടർ ബോർഡ് ഏകകണ്ഠമായി തീരുമാനിച്ചത്. പുറത്തുനിന്നുള്ള ആരുടെയും സമ്മർദ്ദം മൂലമല്ല ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ സമുദായങ്ങളുമായും സ്നേഹത്തിലും രാഷ്ട്രീയ പാർട്ടികളുമായി കൃത്യമായ അകലം പാലിച്ചും പോകാനാണ് എൻ.എസ്.എസ് ആഗ്രഹിക്കുന്നത്. ഐക്യനീക്കത്തിൽ രാഷ്ട്രീയം കലരുന്നത് ശരിയല്ലെന്ന് തോന്നിയതിനാലാണ് പിന്മാറ്റം. എന്നാൽ, മറ്റാരുടെയോ ഇടപെടൽ മൂലമാണ് സുകുമാരൻ നായർ പിന്മാറിയതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യമാണ് എസ്.എൻ.ഡി.പി ലക്ഷ്യമിടുന്നതെന്നും വെള്ളാപ്പള്ളി നടേശൻ നേരത്തെ പ്രതികരിച്ചിരുന്നു.
dfgdg


