സാമ്പത്തിക ഇടപാടുകൾക്ക് ഇനി ഏകീകൃത സ്റ്റേറ്റ്‌മെന്റ്; സെബി ചർച്ചകൾ തുടങ്ങി
ഷീബ വിജയൻ
മുംബൈ: ബാങ്ക് അക്കൗണ്ടുകൾ മുതൽ ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വരെ എല്ലാ സാമ്പത്തിക ഇടപാടുകളും ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന 'സംയുക്ത അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്' (Consolidated Account Statement) നടപ്പിലാക്കാൻ ഒരുങ്ങി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). നിലവിൽ ബാങ്ക്, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട്, പ്രൊവിഡന്റ് ഫണ്ട്, പെൻഷൻ എന്നിവയ്ക്ക് വെവ്വേറെ സ്റ്റേറ്റ്‌മെന്റുകളാണ് ലഭിക്കുന്നത്. എന്നാൽ പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഓരോ മാസവും ഈ എല്ലാ ഇടപാടുകളുടെയും പൂർണ്ണവിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരൊറ്റ സ്റ്റേറ്റ്‌മെന്റ് നിക്ഷേപകർക്ക് ലഭ്യമാകും.
ഇക്കാര്യത്തിൽ റിസർവ് ബാങ്ക് (RBI), ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി (IRDAI), പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി (PFRDA) എന്നിവയുമായി സെബി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. നിലവിൽ മ്യൂച്വൽ ഫണ്ടുകൾക്കും ഓഹരികൾക്കും ഇത്തരത്തിൽ സംയുക്ത സ്റ്റേറ്റ്‌മെന്റ് ലഭ്യമാണ്. ബാങ്ക് ബാലൻസ്, വായ്പ തിരിച്ചടവുകൾ, സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയ വിവരങ്ങൾ കൂടി ഇതിലേക്ക് ചേർക്കാനാണ് നീക്കം. ഇത്തരമൊരു ഏകീകൃത സംവിധാനം ഉപഭോക്താക്കൾക്ക് തങ്ങളുടെ ആസ്തികളെക്കുറിച്ച് കൃത്യമായ ധാരണ നൽകാനും ഭാവി നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യാനും സഹായിക്കുമെന്ന് സെബി പ്രതീക്ഷിക്കുന്നു. അതേസമയം, വിവരങ്ങൾ കൈമാറുന്ന കാര്യത്തിൽ ഉപഭോക്താക്കൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും ആരെയും ഇതിനായി നിർബന്ധിക്കില്ലെന്നും സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ വ്യക്തമാക്കി.
dfsdfsdfsds

