ന്യൂ ഹൊറിസൺ സ്കൂളിൽ വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു
പ്രദീപ് പുറവങ്കര / മനാമ
ഹിന്ദി ഭാഷയുടെ സാംസ്കാരികവും ഭാഷാപരവുമായ പൈതൃകം ആദരിക്കുന്നതിനായി ന്യൂ ഹൊറിസൺ സ്കൂളിൽ വിശ്വ ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു. സിഞ്ച്, സെഗായ കാമ്പസുകളിലെ വിദ്യാർത്ഥികൾ ഒത്തുചേർന്ന് ഇന്ത്യയുടെ വൈവിധ്യമാർന്ന സാഹിത്യ-കലാരൂപങ്ങൾ പ്രദർശിപ്പിച്ചു.
സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ്, പ്രിൻസിപ്പൽ വന്ദന സതീഷ്, അക്കാദമിക്-അഡ്മിനിസ്ട്രേറ്റീവ് വിഭാഗം മേധാവികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഹിന്ദി ഡിപ്പാർട്ട്‌മെന്റ് മേധാവി സിന്ധു മോഹൻലാൽ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ബഹ്‌റൈൻ ദേശീയ ഗാനത്തോടെയും ആറാം ക്ലാസ് വിദ്യാർത്ഥികൾ ആലപിച്ച ഹിന്ദി പ്രാർത്ഥനാ ഗാനത്തോടെയുമാണ് പരിപാടികൾക്ക് തുടക്കമായത്.
വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനാലാപനം, നൃത്തം, പ്രസംഗം എന്നിവയ്ക്ക് പുറമെ പ്രശസ്ത ഹിന്ദി സാഹിത്യകാരന്മാർക്ക് ആദരമർപ്പിക്കുകയും ചെയ്തു. പഴയകാല പാരമ്പര്യ കളികളും 'നുക്കഡ് നാടക്' എന്നറിയപ്പെടുന്ന തെരുവുനാടകവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ കലാപരമായ മികവിനെ പ്രിൻസിപ്പൽ അഭിനന്ദിച്ചു. ഹിന്ദി ക്ലബ് പ്രസിഡന്റ് അക്ഷര നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ ദേശീയ ഗാനത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
േ്ിേി

