ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ ലോക ഹിന്ദി ദിനം ആഘോഷിച്ചു
പ്രദീപ് പുറവങ്ക / മനാമ
ലോക ഹിന്ദി ദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ പ്രൗഢഗംഭീരമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആക്ടിങ് അംബാസഡർ രാജീവ് കുമാർ മിശ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ പ്രവർത്തകർ, എംബസി ഉദ്യോഗസ്ഥർ, ഇന്ത്യൻ കമ്യൂണിറ്റിയിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
ഹിന്ദി ഭാഷയുടെ ആഗോള പ്രാധാന്യത്തെക്കുറിച്ചും പ്രവാസികൾക്കിടയിൽ സാംസ്കാരിക വ്യക്തിത്വം നിലനിർത്തുന്നതിൽ ഭാഷ വഹിക്കുന്ന പങ്കിനെക്കുറിച്ചും രാജീവ് കുമാർ മിശ്ര മുഖ്യപ്രഭാഷണത്തിൽ സംസാരിച്ചു. വരുംതലമുറകൾക്കായി ഭാഷ സംരക്ഷിക്കേണ്ടതിന്റെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്റർ-സ്കൂൾ ഹിന്ദി മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. കവിതാ പാരായണം, കഥ പറച്ചിൽ, ഏകാംഗ നാടകങ്ങൾ, ഗാനാലാപനം തുടങ്ങിയ വിവിധ കലാപരിപാടികളിലൂടെ വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന പരിപാടികളോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.
േ്ിേി

