പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് ജീവനക്കാരെ കൊണ്ടുവരുന്നതിന് അനുമതി
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവേശന വിലക്കുള്ള 34 രാജ്യങ്ങളിൽ കുടുങ്ങിയ ജീവനക്കാരെ ചാർട്ടേർഡ് വിമാനങ്ങളിൽ കുവൈത്തിലേക്ക് നേരിട്ടു കൊണ്ടു വരുന്നതിനു അനുമതി. ഇതു സംബന്ധിച്ച് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സാലേഹിന്റെ നേതൃത്വത്തിലുള്ള കൊറോണ എമർജൻസി കമ്മിറ്റിയാണ് അനുമതി നൽകിയത്.
ചാർട്ടേഡ് വിമാനങ്ങളിൽ കുവൈത്തിൽ നിന്നും പ്രവേശന വിലക്കുള്ള രാജ്യങ്ങളിലേക്ക് വിദേശികൾ യാത്ര ചെയ്യുന്നത് പോലെ ഈ രാജ്യങ്ങളിൽ കുടുങ്ങിയ ജീവനക്കാരെ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ചാർട്ടേർഡ് വിമാനങ്ങളിൽ മടക്കി കൊണ്ടു വരാവുന്നതാണ്. പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നും ജീവനക്കാരെ നേരിട്ടു കുവൈത്തിലേക്ക് കൊണ്ടു വരുന്നതിനുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതിക്കായി ഡിജിസിഎയുമായി ബന്ധപ്പെടണം. കൂടാതെ ആരോഗ്യ മന്ത്രാലയ നിർദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചു നിർബന്ധിത ക്വാറന്റൈന് വിധേയരാകണം.
