കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന വേദിയില്‍ രാഹുലിന് പ്രവേശനം ഇല്ല; സുധാകരനെ തള്ളി മുരളീധരൻ
ഷീബ വിജയ൯
തിരുവനന്തപുരം: ലൈംഗിക ആരോപണത്തില്‍ സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരനെ തള്ളി കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ സസ്പെൻഷനിലാണ്. നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു. പാർട്ടിക്ക് കൂടുതൽ നടപടി ഇപ്പോൾ സ്വീകരിക്കാൻ കഴിയില്ല. പെൺകുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. നിലവിൽ ചാനലിലെ ശബ്‌ദം മാത്രമേയുള്ളൂ. പെൺകുട്ടി മുന്നോട്ടുവന്നാൽ പൊതുസമൂഹം പിന്തുണ നൽകും. ഓരോ പ്രദേശത്തും ആരൊക്കെ പ്രചരണത്തിനിറങ്ങണമെന്ന് അവിടുത്തെ സ്ഥാനാർത്ഥികൾ തീരുമാനിക്കും. കെ സുധാരകൻ്റെ അനുകൂല പരാമർശത്തിൽ പാർട്ടി അന്വേഷണം നടക്കുകയാണെന്നും മുരളീധരൻ പ്രതികരിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രികൾ കുറ്റക്കാരാണെന്ന് കരുതുന്നില്ലെന്നും തന്ത്രിമാരെ ചാരി യഥാർത്ഥ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് ഇന്നലെയാണ് മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരൻ പരാമർശം നടത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകണമെന്ന് പറഞ്ഞ കെ സുധാകരൻ, രാഹുൽ നിരപരാധിയെന്നും അഭിപ്രായപ്പെട്ടു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും കെ സുധാകരൻ വ്യക്തമാക്കി. രാഹുലിനെ പാർട്ടിയിൽ സജീവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം മുന്നോട്ടുപോകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ യുവതി പരാതിയുമായി എത്തുമോ എന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ നോക്കുന്നത്.
defswdfsfds
