യൂട്യൂബർ വിജയ്.പി.നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് ആരോപണം: നടപടിക്ക് നീക്കം
തിരുവനന്തപുരം: യൂട്യൂബർ വിജയ്.പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്നു ആരോപണം. ചെന്നൈയിലെ ഗ്ലോബൽ ഹ്യൂമൻ പീസ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി എടുത്തിട്ടുണ്ടെന്നാണ് ഇയാളുടെ അവകാശവാദം. എന്നാൽ ഇങ്ങനെയൊരു സർവകലാശാല ഇല്ലെന്നും ആകെയുള്ള വെബ് സൈറ്റിൽ കേന്ദ്ര വിദ്യാഭ്യസ വകുപ്പിന്‍റെയോ യുജിസിയുടെയോ അനുമതിയില്ലെന്നും പറയുന്നു.
അതേസമയം, വിജയ് പി. നായർ വീഡിയോകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‍ നിയമ നടപടി തുടങ്ങിയിട്ടുണ്ട്. വിജയ് പി.നായർക്കു റജിസ്ട്രേഷനില്ല. നിയമ നടപടി ആരംഭിച്ചതായും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സംഘടന അറിയിച്ചു. റിഹാബിലിറ്റേഷൻ കൗൺസിലിൽ ഓഫ് ഇന്ത്യയിൽ റജിസ്ട്രേഷനുള്ളവർക്കു മാത്രമേ ക്ലിനിക്കൽ സൈക്കോളജിസ്റ്റെന്ന പേർ ഉപയോഗിക്കാൻ കഴിയൂ.
എന്നാൽ വീഡിയോകളുടെ വിശ്വാസ്യത കൂട്ടാനായി പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് വിജയ്. പി. നായർ പറയുന്നത്. പി.എച്ച്.ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ വിജയ് പി.നായർ വ്യാജ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണെന്നാണ് ഈ മേഖലയിലുള്ളവർ ആരോപിക്കുന്നത്.
